വ്യവസായ, ഐടി മേഖലകളില്‍ വന്‍നേട്ടങ്ങള്‍; കേരളത്തിന്റെ വളര്‍ച്ച ദേശീയ വളര്‍ച്ചയേക്കാള്‍ കൂടി; സാമ്പത്തിക റിപ്പോര്‍ട്ട് തോമസ് ഐസക്ക് നിയമസഭയില്‍ വച്ചു

വ്യവസായ മേഖലയിലേയും ഐടി മേഖലയിലേയും വന്‍ നേട്ടങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വച്ചു. കേരളത്തിന്റെ വളര്‍ച്ച ദേശീയ വളര്‍ച്ചയേക്കാള്‍ കൂടിയെന്ന് റിപ്പോര്‍ട്ട്.

പ്രളയവും നോട്ട് നിരോധനവുമെല്ലാം സംസ്ഥാനത്തെ വല്ലാതെ ബാധിച്ചെങ്കിലും അതിനെ മറികടന്ന് വ്യവസായ മേഖലയിലും ചെറുകിട വ്യവസായ ഐടി മേഖലയിലും വന്‍ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. വ്യവസായമേഖലയില്‍ 8.8% വളര്‍ച്ച രേഖപെടുത്തി. എന്നാല്‍ സംസ്ഥാനത്ത് നികുതി വരുമാനത്തിന്റെ വളര്‍ച്ച കുറഞ്ഞു. പ്രളയം കാര്‍ഷിക മേഖലയില്‍. നാശമുണ്ടാക്കിയതിനാല്‍ മോശം പ്രകടനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ സ്ഥിര വില 2011-12ല്‍ 3.7 ശതമാനമായിരുന്നത് 2018-19ല്‍ 11.2 ശതമാനമായി വര്‍ദ്ധിച്ചു. വ്യാവസായ വകുപ്പിന് കീഴിലുള്ള വിറ്റുവരവ് 17.9 ശതമാനമായി വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മുഖ്യ പങ്കും തനത് നികുതിയില്‍ നിന്നാണെന്നും. യു.ഡി.എഫിന്റെ ഭരണകാലത്തെ ജീ .ഡി.പിയെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഈ സര്‍ക്കാരിന്റേതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

2016-17ല്‍ 1.7 ലക്ഷം ഹെക്ടറില്‍ എത്തിയ നെല്‍ കൃഷി 18-19ല്‍ 2.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഉല്‍പാദനം 4.4 ലക്ഷം ടണ്ണില്‍ നിന്ന് 5.8 ലക്ഷം ടണ്ണായി ഉയര്‍ന്നു. മത്സ്യോത്പാദനം 7.28 ല്‍ നിന്ന് 8.2 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്നും ആരോഗ്യ മേഖലിയില്‍ സര്‍ക്കാര്‍ നടത്തിയ വിവിധ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ സഹായമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here