വിജയിന്റെ വീട്ടില്‍ നിന്ന് പണമോ, രേഖകളോ പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ്; ചോദ്യം ചെയ്തത് നാലു പേരെ; പരിശോധനകള്‍ തുടരുന്നു; കസ്റ്റഡി 24 മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധവുമായി ആരാധകര്‍ തെരുവിലേക്ക്

ചെന്നൈ: നടന്‍ വിജയിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇതുവരെ വിജയിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ല. വിജയ്, ബിഗില്‍ എന്ന ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍പുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് പരിശോധന നടത്തിയത്.

ബിഗില്‍ മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പിലൂടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, അന്‍പുച്ചെഴിയന്റെ വിവിധ ഓഫീസുകളില്‍ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇയാളില്‍ നിന്ന് വിവിധ രേഖകള്‍, പ്രോമിസറി കുറിപ്പുകള്‍, പോസ്റ്റ് ഡേറ്റ് ചെയ്ത ചെക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വിജയിന്റെ വീട്ടില്‍ ഇന്നലെ ആരംഭിച്ച പരിശോധനയും ചോദ്യം ചെയ്യലും ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പരിശോധന നടത്തുന്നത്.

വിഷയത്തില്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘമോ, മറ്റു പ്രമുഖ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയിനെ കസ്റ്റഡിയിലെടുത്ത്, 24 മണിക്കൂര്‍ കഴിഞ്ഞതോടെ ആരാധകരും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രതിഷേധം ആക്രമാസക്തമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ നഗരത്തില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ബിജെപിക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പ്രതികാരമാണ് താരത്തിന് നേരെ നടക്കുന്നതെന്നും ആരാധകര്‍ ആരോപിച്ചു.
താരത്തെ താറടിക്കാന്‍ മനഃപൂര്‍വം ചിലര്‍ കളിക്കുന്നതാണെന്നും ഇത് പകപോക്കലാണെന്നും ആരാധകര്‍ പറയുന്നു.

വിജയ് നായകനായ മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ താരത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നു.

ജോസഫ് വിജയ് എന്ന ഔദ്യോഗിക പേര് ഉപയോഗിച്ച് വര്‍ഗീയമായ ആക്രമിക്കുന്ന നിലയിലേക്കും ബിജെപി കടന്നിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ വിജയ് സിനികളിലൂടെ നടത്തിയ വിമര്‍ശനം ബിജെപി ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെയുള്ള രണ്ട് ആദായനികുതി കേസുകള്‍ അവസാനിപ്പിച്ചതും പിന്നാലെ അദ്ദേഹം പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതും വിജയ്ക്ക് നേരെയുണ്ടായ നടപടിയുമായി ചേര്‍ത്ത് വായിക്കുന്നവരുമുണ്ട്.

രജനികാന്ത് ബിജെപി നിലപാടിനെ പിന്തുണച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News