പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരരംഗത്ത്

പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരരംഗത്ത്. സ്റ്റുഡന്റസ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്ലാസ്സ്‌ ബഹിഷ്കരിക്കുകയും ഭരണവിഭാഗം ഉപരോധിക്കുകയും ചെയ്തു.

ഫീസ് വർദ്ധനവ് പിൻവലിക്കുക, ബസ് ഫീസ് പിൻവലിക്കുക, പുതുച്ചേരി വിദ്യാർത്ഥികൾക്ക് റിസർവേഷൻ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കൗൺസിൽ അറിയിച്ചു.

ദീർഘ കാലമായുള്ള ഈ ആവശ്യങ്ങളോട് അഡ്മിനിസ്ട്രേഷൻ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്‌.

കഴിഞ്ഞ ജൂലൈയിൽ മുൻ കൗൺസിൽ പ്രതിനിധികൾ നിരാഹാര സമരം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടുന്ന ഗ്രിവൻസ് കമ്മിറ്റി(grievance committee) രൂപീകരിച്ചിരുന്നു. എന്നാൽ പ്രസ്തുത വിഷയങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല.

ഗ്രിവൻസ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ വൈസ് ചാൻസിലർ കൂട്ടാക്കിയില്ല. ഇതോടെയാണ് കൗൺസിൽ വീണ്ടും സമരവുമായി രംഗത്തെത്തിയത്.

പൊതുവിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുന്നതിനു വേണ്ടിയാണ് സമരമെന്നു വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ച സ്റ്റുഡന്റസ് കൗൺസിൽ പ്രസിഡന്റ്‌ പരിചയ് യാദവ് പറഞ്ഞു.

അധികൃതർ സമരം അട്ടിമറിക്കുന്നതിനുവേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലും നൂറുകണക്കിന് വിദ്യാർഥികൾ സമരത്തിന്റെ ഭാഗമായി.

വിദ്യാർഥികൾ അഡ്മിൻ ബ്ലോക്കിൽ പ്രവേശിക്കുന്നത് തടയാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം വലിയ സന്നാഹം തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന വിദ്യാർഥികൾ അഡ്മിൻ ബ്ലോക്കിനുള്ളിൽ സമരം തുടരുകയാണ്.

ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ നിലപാട്.

പൗരത്വഭേദഗതി നിയമത്തിനെതിരെയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ നിരന്തരമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News