കൊറോണ വൈറസ് ബാധ : 2826 പേര്‍ നിരീക്ഷണത്തില്‍; എല്ലാ ജില്ലാ ആസ്ഥാനത്തും കൊറോണ കൺട്രോൾ റൂം

കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ 2826 പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. 2743 പേർ വീടുകളിലും, 83 പേർ ആശുപത്രികളിലുമാണ്‌. 263 സാമ്പിൾ എൻഐവിയിൽ പരിശോധിച്ചതിൽ 229 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്‌.

34 പേരുടെ ഫലം കിട്ടാനുണ്ട്‌. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്‌. എല്ലാ ജില്ലാ ആസ്ഥാനത്തും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.

കൊറോണ ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരവും പ്രസിദ്ധീകരിച്ചു. ആലപ്പുഴ എൻഐവിയിൽ ഇതുവരെ 88 സാമ്പിൾ പരിശോധിച്ചതായും മന്ത്രി പറഞ്ഞു.

പരിശീലനത്തിന്‌ യു ട്യൂബും

കൊറോണ പ്രതിരോധത്തിന്‌ ആരോഗ്യ ജീവനക്കാരെ സജ്ജമാക്കാൻ സഹായത്തിന്‌ യു ട്യൂബും. ആരോഗ്യ, ഇതര വകുപ്പുകളിലെ ജീവനക്കാർക്കായി 20 പരിശീലന വീഡിയോയാണ്‌ ആരോഗ്യ വകുപ്പ്‌ യു ട്യൂബിൽ അപ്‌‌ലോഡ്‌ ചെയ്തിരിക്കുന്നത്‌.

ആരോഗ്യ വകുപ്പിന്റെ ‘കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിങ്‌‘ യു ട്യൂബ് ചാനലി(https://www.youtube.com/c/keralahealthonlinetraining)ലാണ്‌ വിഡിയോകൾ ഉള്ളത്‌. ആരോഗ്യ, ഇതര വകുപ്പ്‌ ജീവനക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർക്കും പരിശീലനം നൽകി വരുന്നു.

ഏകജാലക സംവിധാനം

സംസ്ഥാന കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും തമ്മിൽ വിവരങ്ങൾ കൈമാറാനും വിശകലനം ചെയ്യാനും ഏകജാലക സംവിധാനം ഏർപ്പെടുത്തി.

സംസ്ഥാന തലത്തിലും എല്ലാ ജില്ലയിലും ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തിലും ആശുപത്രികളിലും നിരീക്ഷണത്തിനും ഗതാഗത സംവിധാനം സുഗമമാക്കാനുമുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്‌.

ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഭൗതിക, ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കി. നിരീക്ഷണത്തിൽ ഉള്ളവർക്ക്‌ മാനസിക പിന്തുണ നൽകാൻ 191 അംഗങ്ങളെ വിന്യസിച്ചു. ഇതുവരെ 2173 ടെലഫോണിക്ക് കൗൺസലിങ്‌ സേവനങ്ങൾ ലഭ്യമാക്കി.

ലോകാരോഗ്യ സംഘടനാ വിദ​ഗ്ധരും എത്തി

സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധത്തിൽ പങ്കാളിയായി ലോകാരോഗ്യ സംഘടനയും. എട്ട്‌ വിദഗ്‌ധരെയാണ്‌ വിവിധ ജില്ലകളിലായി ലോകാരോഗ്യ സംഘടന വിന്യസിച്ചിരിക്കുന്നത്‌. ക്ഷയം, രക്തസമ്മർദ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന കൺസൾട്ടന്റുമാരും ഇതിന്റെ ഭാഗമാണ്‌.

ജില്ലകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ പ്രവർത്തിക്കുന്നു. ജനങ്ങളെയും സ്വകാര്യ മേഖലയെയും ബോധവൽക്കരിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽ യാത്രക്കാരുടെ നിരീക്ഷണം, ദ്രുത പ്രതികരണ സംഘത്തിന്റെ പരിശീലനം, നിരീക്ഷണ പ്രവർത്തനങ്ങൾ, ആശുപത്രികളുടെ സജ്ജീകരണം, ഗതാഗതം തുടങ്ങിയ ക്രമീകരണങ്ങളുടെ മേൽനോട്ടം എന്നീ ചുമതലകളും ലോകാരോഗ്യ സംഘടനാ വിദഗ്‌ധർ നിർവഹിക്കുന്നു.

നിരീക്ഷണത്തിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ സ്കൂളിൽ പോകരുത്‌

കൊറോണ ബാധയുമായി ബന്ധപ്പെട്ട്‌ നിരീക്ഷണത്തിലുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾ സ്കൂളിൽനിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌. വിദ്യാർഥികൾക്കായി വ്യാഴാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിലാണിതുള്ളത്‌.

കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന്‌ വന്നവരും സമ്പർക്കം പുലർത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരം കുടുംബങ്ങളിലെ വിദ്യാർഥികളും അധ്യാപക–- അനധ്യാപകരും സ്കൂളിൽ പോകരുത്‌.

കുടുംബാംഗങ്ങൾ രോഗബാധിതപ്രദേശത്തുനിന്ന്‌ മടങ്ങിവരുന്നതായി സൂചനയുണ്ടെങ്കിൽ സ്കൂളിൽ പോകുന്ന കുട്ടികളെ ബന്ധു വീടുകളിലേക്ക് മാറ്റണം.

വുഹാനിൽനിന്ന്‌ മടങ്ങിയെത്തിയവരുമായി ഇടപെടൽ ഉണ്ടായിട്ടില്ലെങ്കിൽ മറ്റ്‌ വീടുകളിൽ താമസിച്ച്‌ സ്കൂളിൽ പോകാം. കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുള്ളവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

പനി, ജലദോഷം, ശ്വാസകോശസംബന്ധമായ അണുബാധ എന്നിവയുള്ളവർ മൂന്ന്‌ ദിവസം/ ലക്ഷണങ്ങൾ കുറയുംവരെ സ്‌കൂളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.

ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ പ്രത്യേക ചികിത്സാസൗകര്യമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലോ ജില്ല, ജനറൽ ആശുപത്രികളിലോ അറിയിക്കണം.

എല്ലാ തിങ്കളാഴ്ചയും സ്‌കൂളുകളിൽ നോവൽ കൊറോണ വൈറസ് പ്രതിരോധത്തിന്‌ അവബോധ ക്ലാസ്‌ നടത്തണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പിന് കൈമാറി. പരീക്ഷാ സംബന്ധമായി കുട്ടികൾക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദേശം നൽകും. സംശയനിവാരണത്തിന്‌ ദിശ ഹെൽപ് ലൈൻ 1056, 0471 255 2056 നമ്പരുകളിൽ ബന്ധപ്പെടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News