ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി; അവതരണം ആനന്ദിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച്; പൗരത്വ നിയമം ഉള്‍പ്പെടെയുള്ള നടപടികളില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

കേന്ദ്രം സാമ്പത്തികമായി എല്ലാ തരത്തിലും സംസ്ഥാനത്തിനെ ഞെരിച്ചുകൊണ്ടിരിക്കുമ്പോള്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിവധരൂപത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ സാധാരണ ഗതിയെ തരണം മറിച്ച പുതിയ കാലത്താണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇപ്പോള്‍ തോമസ് ഐസക് അവതരിപ്പിക്കുന്നത്. കേന്ദ്ര പദ്ധതികളില്‍ കിട്ടാനുള്ള തുകപോലും വലിയ കുടിശികയായി കിടക്കുന്നു. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി പ്രതീക്ഷിച്ചതിലും ഗണ്യമായ കുറവാണ് നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലുള്ളത്.

സംസ്ഥാന വിഹിതം വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ അധിക വിഭവം പ്രത്യേകം കണ്ടെത്തേണ്ടിവന്നപ്പോഴും സംസ്ഥാനത്തിന്റെ ശ്രമങ്ങളെയെല്ലാം കേന്ദ്രം കൂച്ചുവിലങ്ങിടുന്നതും കേരളം കണ്ടു.

എല്ലാ ഫെഡറല്‍ സംവിധാനങ്ങളെയും കാറ്റില്‍ പറത്തി സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് അധികാരമുപയോഗിച്ച് മറുപടിപറയാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഒരുപോലെ അഭിമുഖീകരിക്കേണ്ടിവന്ന ദുരന്തങ്ങളില്‍പോലും ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പരസ്യമായ അവഗണനയായിരുന്നു.

ഈ അവസരത്തില്‍ എല്ലാവിധത്തിലും കേരളത്തിന്റെ സ്വന്തം ബജറ്റ് എന്ന് പറയാവുന്ന ഒന്നായിരിക്കും കേരള ബജറ്റ് എന്ന് പറയാവുന്ന സ്ഥിതി വിശേഷമാണ്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നല്‍ നല്‍കുന്നത്.

കേന്ദ്രബജറ്റില്‍ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളില്‍ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്.

പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുമുണ്ട്.

1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.

നിലവിലെ സൂചനകള്‍ അനുസരിച്ച് കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നതോ വിരമിക്കല്‍ തീയതി ഏകീകരിക്കുന്നതോ പരിഗണനയിലില്ലെന്നു ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News