ആരാണ് അന്‍പുചെഴിയന്‍? തമിഴകത്തിന്റെ പേടി സ്വപ്‌നമോ? വിജയിനെ കുടുക്കിയതോ?

ചെന്നൈ: ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്തതോടെയാണ് അന്‍പുചെഴിയന്‍ എന്ന പേര് ഉയര്‍ന്നുവന്നത്. കഴിഞ്ഞരണ്ടുദിവസമായി എല്ലാവരും അന്വേഷിക്കുകയാണ് ആരാണ് ഈ അന്‍പുചെഴിയന്‍?

തമിഴ്‌നാട്ടില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് മറ്റു നിര്‍മാതാക്കള്‍ക്ക് വട്ടിപ്പലിശക്ക് പണം കടം നല്‍കുന്നതാണ് അന്‍പുചെഴിയന്റെ പ്രധാന ജോലി. ഗോപുരം ഫിലിംസ് എന്ന പേരില്‍ സ്വന്തമായി നിര്‍മാണ കമ്പനിയും ഇയാള്‍ക്കുണ്ട്.

1990കളിലാണ് അന്‍പു മധുരയിലെത്തിയത്. ചെറിയ തോതില്‍ ചിട്ടി നടത്തി മധുരയിലെ പ്രമുഖനായി. പിന്നാലെ കച്ചവടക്കാര്‍ക്ക് പലിശയ്ക്ക് പണം കൊടുത്തും സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. മധുരൈ അന്‍പു എന്നായിരുന്നു വിളിപ്പേര്. നിര്‍മാതാക്കളുടെ സ്വത്ത് ഈടു മേടിച്ചാണു കടംകൊടുക്കല്‍. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാല്‍ സ്വത്ത് കൈക്കലാക്കും.

2003ല്‍ മണിരത്‌നത്തിന്റെ സഹോദരന്‍ നിര്‍മാതാവ് ജി.വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അന്‍പുവിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. 2017ല്‍ നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ അന്‍പുചെഴിയനാണ് തന്റെ മരണകാരണമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമാ, രാഷ്ട്രീയ പ്രമുഖരുടെ സ്വാധീനത്തില്‍ കേസില്‍ നിന്നു തടിയൂരുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ അന്‍പ് ചെഴിയന്റെ ചെന്നൈ, മധുര എന്നിവിടങ്ങളിലെ ഓഫീസില്‍നിന്ന് 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതുകൂടാതെ പ്രോമിസറി നോട്ട്, ചെക്ക് ഉള്‍പ്പെടെ 300 കോടിയിലധികം മൂല്യമുള്ള രേഖകളും പിടിച്ചെടുത്തു. ബിഗില്‍ സിനിമയില്‍നിന്ന് വിജയ്ക്ക് ലഭിച്ച പ്രതിഫലവും സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് ആദായനികുതി വകുപ്പ് വക്താവ് സുരഭി അലുവാലിയ പറഞ്ഞു.

ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്ന വിജയ്, ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2017ലും വിജയ്ക്കെതിരെ സമാന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സിഎഎയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ രജനികാന്തിനെതിരായ ആദായനികുതി കേസുകള്‍ പിന്‍വലിച്ചതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിമര്‍ശകനായ വിജയ്യെ കുരുക്കാന്‍ സംഘടിത നീക്കം നടക്കുന്നതും രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here