പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ജില്ലയിൽ വികസനത്തിന് കുതിപ്പേകും.

മൂന്നരപ്പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി ഉടൻ പൂർത്തിയാക്കാനുള്ള നിർദേശമാണ് സംസ്ഥാന ബജറ്റിൽ പ്രധാനം. ശിരുവാണി പുഴയിൽ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വൻ കിട ജലസേചന പദ്ധതിക്കായി നേരത്തെ തന്നെ പദ്ധതി രേഖ തയ്യാറാക്കിക്കഴിഞ്ഞു.

പദ്ധതിയിലൂടെ അട്ടപ്പാടിയുടെ കാർഷിക രംഗത്തെ പുരോഗതിക്കൊപ്പം കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയും. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട്‌ ചെറുകിട വ്യവസായങ്ങൾക്ക്‌ ഊർജം പകരുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

കിൻഫ്ര പാർക്കിൻ്റെ വികസനവും വ്യാവസായിക മേഖലക്ക് പ്രതീക്ഷയേകുന്നു. വാളയാറിലെ സ്ഥാപിക്കുന്ന ചകിരിച്ചോറ്‌ സംസ്‌കരണ ഫാക്ടറിയും ജില്ലയിലെ നാളികേര കർഷകർക്ക്‌ പുത്തൻ ഉണർവേകും.

കണ്ണമ്പ്രയിൽ റൈസ്‌ പാർക്ക് നിർമാണം മാർച്ചിൽ തുടങ്ങി ഡിസംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.

ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല്‌ സംഭരിച്ച്‌ സംസ്‌കരിച്ച്‌ അരിയാക്കുകയും പാലക്കാടിന്റെ സ്വന്തം ബ്രാൻഡിൽ അരി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ നെൽകർഷകരുടെ പ്രതിസന്ധികൾക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ

കർഷകർക്ക്‌ റോയൽറ്റിയായി 40 കോടി രൂപ നീക്കിവച്ചത്‌ പാലക്കാടൻ കാർഷിക മേഖലയ്‌ക്ക്‌ കൂടുതൽ സഹായകമാകും.

പാലക്കാടിൻ്റെ കിഴക്കൻ മേഖലയിൽ നടപ്പാക്കി വിജയിച്ച ഡ്രിപ്‌ ഇറിഗേഷൻ പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ തീരുമാനിച്ചത് അഭിമാനകരമായ നേട്ടമാണ്.

മംഗലം ഡാമിൽ നിന്ന്‌ മണൽ വാരാനുള്ള ആഗോള ടെൻഡർ മാതൃക സംസ്ഥാന വ്യാപകമാക്കുമ്പോൾ ഏറ്റവും കൂടുതൽ ഡാമുകളുള്ള ജില്ലയ്ക്ക് ഗുണകരമാവും. ജില്ലയിലെ മുഴുവൻ മണ്ഡലത്തിലും രണ്ടും അതിൽ കൂടുതലും പ്രവൃത്തികൾക്ക്‌ 20 ശതമാനം തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News