വൈറസ് വ്യാപനം തടയുന്നതില്‍ ചൈന പുരോഗതി കൈവരിച്ചു; വൈറസ്‌ രോഗത്തിനെതിരെ ചൈന ‘ജനകീയ യുദ്ധം’ ആരംഭിച്ചതായി പ്രസിഡന്റ്‌ ഷി ജിൻപിങ്‌; മരണം 719 ആയി

ബീജിങ്‌: കൊറോണ വൈറസ്‌ രോഗത്തിനെതിരെ ചൈന ‘ജനകീയ യുദ്ധം’ ആരംഭിച്ചതായി പ്രസിഡന്റ്‌ ഷി ജിൻപിങ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനോട്‌ പറഞ്ഞു. കൊറോണ വൈറസിനെതിരെ ചൈന സ്വീകരിക്കുന്ന നടപടികൾ ശാന്തമായി വിലയിരുത്തണമെന്നും ഷി ട്രംപിനോട്‌ പറഞ്ഞു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ചൈന പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന്‌ ട്രംപും പറഞ്ഞു. കൊറോണ വൈറസ്‌ രോഗം പടർന്നുപിടിച്ചശേഷം ആദ്യമായി ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഷി ചൈന സ്വീകരിക്കുന്ന നടപടികൾ വിവരിച്ചു.

ചൈനയിൽ കൊറോണ വൈറസ്‌ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 719 ആയി. ഏറ്റവുമൊടുവിൽ മരിച്ച 73 പേരിൽ 69 പേരും പ്രഭവകേന്ദ്രമായ വുഹാനിലും അതടങ്ങുന്ന ഹൂബെയ്‌ പ്രവിശ്യയിലുമാണ്‌.

ജിലിൻ, ഹെനാൻ, ഗുവാങ്‌ദോങ്‌, ഹൈനാൻ പ്രവിശ്യകളിൽ ഓരോരുത്തർ മരിച്ചു. 3143 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,546 ആയി.

ഹുവാനിലേക്ക്‌ 11,000 പേർകൂടി അടങ്ങുന്ന വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്‌. വൈറസ്‌ബാധ സംബന്ധിച്ച്‌ ആദ്യം വെളിപ്പെടുത്തിയ ഡോക്ടർ വെൻ ലിയാങ്ജിന്‌ വെള്ളിയാഴ്‌ച ചൈന ആദരമർപ്പിച്ചു. രോഗികളിൽനിന്ന്‌ രോഗം ബാധിച്ച അദ്ദേഹം വ്യാഴാഴ്‌ച പുലർച്ചെയാണ്‌ മരിച്ചത്‌.

ഇതിനിടെ ഈനാംപേച്ചിയിൽനിന്നാകാം രോഗം പടർന്നതെന്ന്‌ ചില ശാസ്‌ത്രജ്ഞർ പറഞ്ഞു. ഈനാംപേച്ചിയിൽനിന്ന്‌ ശേഖരിച്ച ജനിതകഘടന രോഗബാധിതരിൽ കണ്ടതുമായി 99 ശതമാനം സാമ്യമുള്ളതാണ്‌.

ഇരുപത്തഞ്ചിൽപരം രാജ്യങ്ങളിൽ ബാധിച്ച രോഗം യൂറോപ്പിൽ 31 പേർക്കുണ്ട്‌. ബ്രിട്ടൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ ഓരോരുത്തരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്‌.

രോഗം തടയാൻ നേപ്പാൾ ഒരു ലക്ഷം മുഖാവരണം ചൈനയ്‌ക്ക്‌ നൽകി. മുഖാവരണവും മറ്റുപകരണങ്ങളും വേണ്ടത്രയില്ലെന്ന്‌ ലോകാരോഗ്യ സംഘടന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News