
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ സമ്മേളനത്തിന് ശേഷം ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഗവര്‍ണറുടെ അനുമതി കിട്ടിയതിന് പിന്നാലെയാണിത്. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കും.
നേരത്തെ കേസില്‍ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും സാക്ഷി എന്ന നിലയിലായിരുന്നു അന്നത്തെ ചോദ്യം ചെയ്യൽ. ഇതിനു പിന്നാലെ ടിഒ സൂരജ് അടക്കമുള്ള നാല് പ്രതികൾ അറസ്റ്റിലായതോടെ ഇബ്രാഹിംകുഞ്ഞിനും അഴിമതിയിൽ പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചു.
ഇനി ക്രിമിനൽ നടപടിക്രമത്തിലെ 41എ പ്രകാരം ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം കഴിയുന്ന മുറയ്ക്ക് ഇത് നടക്കും. ബുധനാഴ്ചയാണ് സമ്മേളനം അവസാനിക്കുക.
സമ്മേളനം നടക്കുന്ന ഘട്ടത്തിൽ ചോദ്യം ചെയ്യലിന് സ്പീക്കറുടെ അനുമതി ആവശ്യമാണ്. ഇതോടൊപ്പം ആര്‍ബിഡിസികെയുടെ മുൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെയും വിജിലൻസ് ചോദ്യം ചെയ്യും. ഇദ്ദേഹത്തിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്.
കരാറുകാരനും ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ വൻ ഗൂഢാലോചനയാണ് ഈ വിഷയത്തിൽ നടന്നതെന്ന് വിജിലൻസിന്റെ ചോദ്യം ചെയ്യലുകളിൽ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
പ്രതികളായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കരാർ കമ്പനി ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി സുമിത് ഗോയൽ, കിറ്റ്കോ ജോയൻറ് ജനറൽ മാനേജർ ബെന്നിപോൾ, റോഡ്സ്ആൻഡ്ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
മുൻകൂർ ഫണ്ട് പാലം നിർമാണത്തിന് അനുവദിക്കില്ലെന്നാണ് മറ്റ് കരാറുകാരുമായുള്ള യോഗത്തിൽ തങ്കച്ചൻ അറിയിച്ചത്. എന്നാൽ കരാറേറ്റെടുത്ത സുമിത് ഗോയലിന് 8.25 കോടി രൂപ മുൻകൂറായി നൽകുകയും ചെയ്തു. മുൻകൂർ പണം ലഭിക്കുമായിരുന്നെങ്കിൽ ഇതിനെക്കാൾ കുറഞ്ഞ ചെലവിൽ പാലം നിർമാണം ഏറ്റെടുക്കാൻ മറ്റു കരാറുകാർ തയ്യാറായിരുന്നെന്നാണ് വിവരം. കരാർ ആർഡിഎസ്സിന് ലഭിക്കാൻ തങ്കച്ചൻ ചരടുവലി നടത്തി.
ഇതിനെല്ലാം മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പിന്തുണയുണ്ടായിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായാണ് വിജിലൻസ് വ്യക്തമാക്കുന്നത്. കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ രേഖാമൂലം തന്നെ എതിർത്തെങ്കിലും തുക അനുവദിക്കാൻ ഇബ്രാഹിംകുഞ്ഞ് തീരുമാനിക്കുകയായിരുന്നു.
ഇതുവഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആന്‍റ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കണോ അതോ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിൽ സർക്കാരിന്റെ നിലപാട് നിർണായകമാകും. മന്ത്രിയെ അറസ്റ്റ് ചെയ്താൽ അത് യുഡിഎഫിന് കൂടുതൽ നാണക്കേടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here