4350 പാക്കറ്റ് ഹാന്‍സുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ 4350 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

തണ്ണീര്‍മുക്കം പഞ്ചായത്ത് 18-ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം അരുണ്‍ നിവാസില്‍ കാര്‍ത്തികേയനെയാണ് (58) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടില്‍ നിന്ന് മൂന്ന് ചാക്കിലായി സൂക്ഷിച്ചിരുന്ന 4350 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. ദേശീയപാതയില്‍ കെ.വി.എം ആശുപത്രിക്ക് സമീപം കട നടത്തുന്ന കാര്‍ത്തികേയന്‍ തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയിലാണ് ഹാന്‍സ് എത്തിച്ചിരുന്നതെന്നും, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളടക്കം വില്‍പ്പന നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ഹാന്‍സ് ഉപയോഗിക്കുന്ന ആളുകളില്‍ നിന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മരുത്തോര്‍വട്ടം ടാഗോര്‍ സ്‌കൂളിന് സമീപത്തുള്ള കാര്‍ത്തികേയന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഹാന്‍സ് ചാക്കിലാക്കി സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബിജെപിയുടെ പ്രാദേശിക സജീവ പ്രവര്‍ത്തകനായ ഇയാളുടെ വീട് കേന്ദ്രീകരിച്ചാണ് പ്രദേശത്തെ സംഘപരിവാര്‍ ശാഖ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡിവൈഎസ്പി എ.ജി ലാലിന്റെ നിര്‍ദ്ദേശ പ്രകാരം മാരാരിക്കുളം സി.ഐ ഡി. മിഥുന്‍, എസ്.ഐ പി.ജി മധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കുറഞ്ഞ ചെലവില്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വാങ്ങുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ പാക്കറ്റ് ഒന്നിന് 50 രൂപ എന്ന നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here