‘ഇതാണ് ബദല്‍’; കേരളത്തെ സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടുത്താമെന്ന ചിലരുടെ ധാരണയ്ക്കുള്ള മറുപടി: ഐസക്

ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് കുറവ് വരുത്തിയില്ല. ഭാവി കേരളത്തിനായുള്ള പദ്ധതികളില്‍ പലതും ഈ വര്‍ഷം ആരംഭിക്കും. സാമ്പത്തികമായി ഞെരുക്കി കേരളത്തെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടുത്താമെന്ന ചിലരുടെ ധാരണയ്ക്കുള്ള മറുപടിയും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.

കിഫ്ബി പദ്ധതികള്‍ മാന്ദ്യത്തെ മറികടക്കാന്‍ ഏറ്റവും മികച്ച മാതൃകയായി. 20,000 കോടി രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്. വരവ് ചെലവ് നിയന്ത്രിക്കാനുള്ള ഉപാധികള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ല. എയ്ഡഡ് സ്‌കൂള്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ അറിയണമെന്ന നിര്‍ദേശം ചെലവുചുരുക്കലിന്റെ ഭാഗമല്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അംഗീകരിച്ചാല്‍ തസ്തികയാകുന്ന സ്ഥിതി തുടരാനാകില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും വ്യക്തത വരുത്തണമെങ്കില്‍ സംയുക്ത പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്.

ജീവനക്കാരുടെ പുനര്‍വിന്യാസത്തിലും ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പല വകുപ്പുകളിലും ചില വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കുള്ള ചുമതലകളേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ കീഴ്തട്ടുകളില്‍ ചെയ്യാനുണ്ട്. അതിനാലാണ് ധനകാര്യ വര്‍ഷാവസാനത്തിനുമുമ്പ് പുനര്‍വിന്യാസം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടുന്നവവര്‍ക്ക് സ്വന്തം നാട്ടിലേക്ക് അവസരം ചോദിക്കാന്‍ സൗകര്യമുണ്ടാകും.

ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണം ഈ വര്‍ഷം നടപ്പാകും. ക്ഷാമബത്ത കുടിശ്ശിക ഘട്ടംഘട്ടമായി അടുത്ത സാമ്പത്തികവര്‍ഷം നല്‍കും. ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിച്ചു. ജീവനക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിനാലാണ് ഈ നടപടികള്‍. ഭൂമിയുടെ ന്യായവില വര്‍ധന റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിക്കില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ പ്രത്യേകമായി പരിശോധിക്കും.സാമൂഹ്യസുരക്ഷയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയും ബജറ്റില്‍ തെളിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here