രാജ്യത്താകമാനം അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ ഭീകരതയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല : മുഖ്യമന്ത്രി

രാജ്യത്താകമാനം അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ ഭീകരതയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തനം സൂക്ഷ്മാര്‍ഥത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. സാമൂഹ്യജീവിതത്തിന്റെ മേല്‍പ്പുരയും. ഭൗതിക ജീവിതസാഹചര്യത്തിന്റേതായ അടിത്തറയില്ലാതെ മേല്‍പ്പുരക്കുമാത്രമായി നിലനില്‍പ്പില്ല. ഈ അടിത്തറ രൂപപ്പെടുത്തുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാന സാമൂഹ്യമൂല്യങ്ങളാണ്. ഇവ അപകടപ്പെട്ടാല്‍ മാധ്യമസ്വാതന്ത്ര്യവും നിലനില്‍ക്കില്ല.

ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ തുറന്നുകാട്ടാനും ചെറുക്കാനും എത്രപേര്‍ക്ക് കഴിയുന്നുവെന്നത് പ്രധാനമാണ്. മതനിരപേക്ഷവും ജനാധിപത്യപരവും സ്വതന്ത്രവുമായ സമൂഹം നിലനിന്നാലേ ശരിയായ പത്രപ്രവര്‍ത്തനത്തിനും അവസരമുണ്ടാകൂ എന്ന് തിരിച്ചറിഞ്ഞാല്‍ ഈ രംഗത്ത് നിസ്സംഗത പാലിക്കാനാവില്ല.

കേരളത്തിലെ മാധ്യമങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ദേശീയമാധ്യമങ്ങളുടെ സ്ഥിതി അങ്ങനെയല്ല. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും ജനാധിപത്യം അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് കുടപിടിക്കുന്നവരായി പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും മാറി. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുതന്നെ പ്രതിഷേധവും ചെറുത്തുനില്‍പ്പും ഉയരേണ്ടത് അത്യന്താപേക്ഷിതമാണ്. പൗരന് നഷ്ടപ്പെടുന്നതെന്തോ അത് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നഷ്ടപ്പെടും.

സെന്‍സേഷണലിസത്തിനു പിറകെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍. ഗൗരവതരമായ ജനജീവിതപ്രശ്നങ്ങളെ നിസാരമായ കൗതുക വാര്‍ത്തകള്‍കൊണ്ട് പകരം വയ്ക്കുന്നു. മൂല്യവത്തും അന്വേഷണാത്മകവുമായ പത്രപ്രവര്‍ത്തന പാരമ്പര്യം പിന്തുടരുന്ന ഒറ്റപ്പെട്ട അനുഭവങ്ങള്‍ കാണാതിരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News