വിജയ് ഫാന്‍സ് ഇരച്ചെത്തി; ഓടി ബിജെപിക്കാര്‍; മാസ്റ്റര്‍ ചിത്രീകരണം തടയാനുള്ള നീക്കം വീണ്ടും പാളി

ചെന്നൈ: വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി.

വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം.

നെയ്വേലി എന്‍എല്‍.സി കാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു സംവിധായകന്‍ ലോഗേഷ് കനകരാജിന്റെ തീരുമാനം.

ഇക്കാര്യം മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

എന്‍.എല്‍.സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും വിജയ് ഫാന്‍സും തമ്മില്‍ ഇടഞ്ഞത് പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like