പുരുഷ കേന്ദ്രീകൃത സിനിമാ പരിസരത്തു നിന്ന് മറ്റൊരു മാസ് ആണ്‍ സിനിമ; #Review

പൃഥ്വിരാജും ബിജു മേനോനും സച്ചിയും മികച്ച സിനിമാ കൂട്ടുകെട്ടാണ്. ആ കൂട്ടുകെട്ടില്‍ നിന്നുണ്ടായ മാസ് ചിത്രമാണ് അയ്യപ്പനും കോശിയും. രണ്ട് പുരുഷന്മാര്‍ തമ്മിലുളള ഏറ്റുമുട്ടലാണ് ചിത്രം.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന റിട്ടയേര്‍ഡ് ഹിവീല്‍ദാര്‍ കോശി കുര്യന്‍ ഒരു നിയമലംഘനവുമായി റിട്ടയേര്‍ഡാവാന്‍ രണ്ടു വര്‍ഷം മാത്രമുളള, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ ബിജു മേനോന്‍ കഥാപാത്രം അയ്യപ്പന്‍ നായരുടെ മുന്നില്‍ പെടുന്നു. സമൂഹത്തില്‍ പിടിപാടുളള കോശി പക്ഷെ ജയിലിലാവുന്നു. കോശിക്ക് അയ്യപ്പന്‍ നായരോടുളള പ്രതികാരമാണ് ചിത്രത്തിന്റെ കഥാതന്തു.

38കാരനായ കോശി കട്ടപ്പനയിലെ അതിസമ്പന്നനായ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം കുര്യന്‍ ജോണിന്റെ മകനാണ്. മകന്റെ എതിരാളി തന്റേയും എതിരാളിയാണെന്ന് കുര്യന്‍ ജോണ്‍ പ്രഖ്യാപിക്കുന്നതോടെ മൂന്ന് പുരുഷ കഥാപാത്രങ്ങളിലൂടെ ചിത്രം സഞ്ചരിക്കാന്‍ തുടങ്ങുന്നു.

ചിത്രത്തില്‍ പേരിന് വേണ്ടിയാണ് നടിമാര്‍ എന്ന് പറയേണ്ടി വരും.അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മയുടെ വേഷമിടുന്ന ഗൗരി നന്ദ,കോശിയുടെ ഭാര്യയായി വേഷമിടുന്ന അന്ന രേഷ്മ രാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന നടിമാര്‍.

രണ്ട് സാമൂഹിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളില്‍ സംവിധായകന്‍ സച്ചി ശക്തി നല്‍കിയിരിക്കുന്നത് ആദിവാസി സ്ത്രീ കണ്ണമ്മയ്ക്കാണ്. കണ്ണമ്മ സര്‍ക്കാര്‍ ഓഫീസില്‍ നെറികേട് കാട്ടിയ ഉദ്യോഗസ്ഥനെ പരസ്യമായി തല്ലി പൊലീസ് സ്റ്റേഷന്‍ കയറുമ്പോള്‍ ഭര്‍ത്താവിന്റെ അടി ഏറ്റു വാങ്ങുകയാണ് കോശിയുടെ ഭാര്യ.

എടുത്തു പറയാവുന്ന മറ്റൊരു വേഷം അനില്‍ നെടുമങ്ങാടിന്റേതാണ്.സിഐ ആയുളള മുഴുനീള വേഷത്തില്‍ അനില്‍ തിളങ്ങി.ജല്ലിക്കെട്ടിന് ശേഷം സാബുമോനും കിട്ടി നല്ലൊരു വേഷം.

സുദീപ് ഇളമണിന്റെ ക്യാമറ അട്ടപ്പാടിയുടെ ദൃശ്യചാരുത ഒപ്പിയെടുക്കുന്നതിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ വിജയിച്ചു.ജേക്‌സ് ബിജോയ് യുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

ചില രംഗങ്ങളില്‍ നമ്മള്‍ ദേവാസുരവും വിക്രവേദയും ഡ്രൈവിംഗ് ലൈസന്‍സുമൊക്കെ ഓര്‍ക്കുമെങ്കിലും തനത് സ്വഭാവമുള്ള മാസ് ചിത്രമാണ് അയ്യപ്പനും കോശിയും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നത് പാളിപ്പോകാത്ത തിരക്കഥയാണ്.

പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിക്കുന്നതിന്റെ ത്രില്‍ പ്രേക്ഷകന് തിയ്യേറ്ററില്‍ കിട്ടും.ചില രംഗങ്ങള്‍ക്ക് കിട്ടുന്ന കൈയ്യടി അയ്യപ്പന്‍ നായരാണ് കോശിയല്ല ഹീറോ എന്ന ഫീല്‍ തിയ്യേറ്ററിലുണ്ടാക്കുന്നു.എല്ലാം നഷ്ടപ്പെട്ടവനു മുമ്പില്‍ അഹങ്കാരിയും കരുത്തനുമെങ്കിലും ഇനിയും നഷ്ടപ്പെടാനുളളവന് ഭയമുണ്ടാകുന്നത് സച്ചി കാണിച്ചു തരുന്നുണ്ട്.

രണ്ടു ജീവിതരീതികളും ജീവിതത്തോടുളള രണ്ടു മനോഭാവങ്ങളും ചിത്രം എടുത്തു കാട്ടുന്നുണ്ട്.അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്ന് കട്ടപ്പനയിലെ കുടിയേറ്റ കര്‍ഷകന്റെ ബംഗ്ലാവിലേക്കുളള ദൂരമാണത്. ആത്യന്തികമായി ഒരു പുരുഷ കേന്ദ്രീകൃത സിനിമയാണ് എന്ന ബോധ്യത്തില്‍ ചിത്രം കണ്ടാല്‍ നിങ്ങളുടെ ടെസ്റ്റസ്റ്റിറോണ്‍ ഉത്പാദനമുയര്‍ത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel