”വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ട, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാര്‍; അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ട്”; മുഖ്യമന്ത്രിയുടെ മാസ് മറുപടി

ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജുമെന്റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജുമെന്റുകള്‍ സര്‍ക്കാരിനെ വിരട്ടാന്‍ വരരുത്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കില്‍ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ സ്‌കൂളുകളേയും, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളേയും ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ എല്ലാം മോശമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ബജറ്റ് നിര്‍ദേശം പുതിയ നിയമനങ്ങള്‍ സംബന്ധിച്ചു മാത്രമാണെന്നും കച്ചവട താല്പര്യമുള്ള ചിലരെമാത്രം ലക്ഷ്യമിട്ടാണ് ബജറ്റ് നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ചില മാനേജ്‌മെന്റുകളുണ്ട്. അവരെ തിരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശോധന വേണമെന്ന് പറയുന്നത്. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ അറിയണം. ഇത്തരത്തില്‍ നിര്‍ദ്ദേശം വയ്ക്കുമ്പോള്‍ ചില മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രസ്താവന ശരിയാണോ എന്ന് ചിന്തിക്കണം. ചില മാനേജ്‌മെന്റുകള്‍, സ്‌കൂള്‍ നടത്താനാകില്ല സര്‍ക്കാര്‍ ഏറ്റെടുത്തോ എന്ന് വിരട്ടുന്നു. ഈ വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ട. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറാണ്.അദ്ധ്യാകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ട്. എന്നാല്‍ ഇത്തരത്തില്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ചില ദുഷ്പ്രവണതകളെ തിരുത്താന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.” അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News