ജയ്ശ്രീറാം വിളിച്ച് സംഘപരിവാര്‍ അക്രമികള്‍ വനിതാ കോളേജില്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു, ആക്രമണം മദ്യലഹരിയില്‍

ദില്ലി: ദക്ഷിണ ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജില്‍ വാര്‍ഷിക പരിപാടിക്കിടെ അതിക്രമിച്ചുകയറിയ സംഘപരിവാര്‍ അക്രമിസംഘം പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ക്യാമ്പസിലേക്ക് ഇരച്ചുകയറിയ മദ്യപസംഘം പെണ്‍കുട്ടികളെ കടന്നുപിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി.

ജയ്ശ്രീറാം വിളികളോടെയാണ് അക്രമികള്‍ ക്യാമ്പസില്‍ കടന്നുകയറിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്തവരാണ് മതിലുകള്‍ ചാടിയും ഗേറ്റ്തള്ളിത്തുറന്നും ക്യാമ്പസില്‍ കയറിയത്.

പരിപാടിനടന്ന ഗ്രൗണ്ടില്‍വെച്ചും ടോയ്‌ലെറ്റുകള്‍ക്കുള്ളിലും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഇതുവരെ പരാതി നല്‍കിയിട്ടിശല്ലന്ന് പ്രിന്‍സിപ്പാളിന്റെ ചുമതലവഹിക്കുന്ന പ്രമീള കുമാര്‍ പറഞ്ഞു.

ദില്ലി സര്‍വകലാശാലയിലെ മറ്റുകോളേജുകളിലെ പുരുഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പൊലീസ്, കമാന്റോകള്‍, ബൗണ്‍സേഴ്‌സ് എന്നിവര്‍ സുരക്ഷ ഒരുക്കിയിരുന്നു. കോളേജിലെ സ്റ്റാഫിനെയും നിയോഗിച്ചു. പെണ്‍കുട്ടികള്‍ക്കുമാത്രമായി ഒരു മേഖലയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പുറത്താണെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും പ്രമീള കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ കോളേജ് അധികൃതര്‍ പരാതി നല്‍കാത്തതില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. വൈകിട്ട് പ്രധാനഗേറ്റ് തകര്‍ത്ത് ഇരുന്നൂറോളം പേര്‍ ക്യാമ്പസില്‍ കടന്നുകയറി പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സുന്ദരം താക്കൂര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുശേഷമാണ് സാഹചര്യം നിയന്ത്രണവിധേയമായതെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here