
ജമ്മു – കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കി ആറുമാസം പിന്നിട്ടു. എന്നിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ വിവാദ പൊതുസുരക്ഷാനിയമം (പിഎസ്എ ) ചുമത്തി തുറുങ്കിലടയ്ക്കുന്നത് തുടരുകയാണ്. അവസാനമായി പിഡിപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ നയിം അക്തര്‍ക്കെതിരെ പിഎസ്എ ചുമത്തിയിരിക്കുകയാണ്. ആറാമത്തെ രാഷ്ടീയനേതാവിനെതിരെയാണ് പിഎസ്എ ചുമത്തുന്നത്. ബിജെപിയുമായി സഖ്യത്തില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ ആ സഖ്യസര്‍ക്കാരിന്റെ വക്താവായിരുന്നു നയിം അക്തര്‍. ബിജെപിയുമായി കൈകോര്‍ത്തതിന്റെപേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ നേതാവുകൂടിയാണ് അദ്ദേഹം. ഒരുവേള നയിം അക്തറുടെ വസതിക്കുനേരെ പെട്രോള്‍ ബോംബ് ആക്രമണംപോലുമുണ്ടായി. എന്നാലിപ്പോള്‍ ബിജെപിയാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രഭരണം അക്തറിനെയും പിഎസ്എ ചുമത്തി തുറുങ്കിലിട്ടിരിക്കുന്നു. ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവര്‍ക്കുള്ള ഏറ്റവും വലിയ ഗുണപാഠം കൂടിയാണിത്.
ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മു -കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റിയതിനുശേഷം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തടവിലിട്ടിരുന്നു. ആദ്യമായി പിഎസ്എ ചുമത്തി തടവിലിടുന്നത് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയായിരുന്നു. നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മദനി എന്നിവരെയും പിഎസ്എ ചുമത്തി തടങ്കലിലിട്ടു. മൂന്ന് ദിവസത്തിനകമാണ് മറ്റു മൂന്നുപേര്‍ക്കെതിരെ കൂടി കിരാതനിയമം ചുമത്തി തടവിലിടുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ കഴിഞ്ഞ ആറിനാണ് പിഎസ്എ ചുമ ത്തിയത്. ഏറ്റവും അവസാനമായി ശനിയാഴ്ച അക്തറിനെതിരെയും 1978ല്‍ നിലവില്‍ വന്ന കരിനിയമം ചുമത്തി. 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയോട് ചേര്‍ക്കപ്പെട്ടെന്നും സമാധാനം സ്ഥാപിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പാര്‍ലമെന്റ് പ്രഖ്യാപിച്ച വേളയില്‍ത്തന്നെയാണ് ഈ മൂന്നുപേര്‍ക്കെതിരെ പിഎസ്എ ചുമത്തിയത്. ഇത് സൂചിപ്പിക്കുന്നത് കശ്മീരില്‍ സ്ഥിതിഗതികള്‍ ഇനിയും ശാന്തമായിട്ടില്ലെന്നാണ്. പട്ടാളത്തെ വിന്യസിച്ച് എത്രകാലം കശ്മീരിനെ ഈ രീതിയില്‍ നിശ്ശബ്ദമാക്കാന്‍ കഴിയും?
അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചത് ജനുവരിയിലായിരുന്നു. തുടര്‍ച്ചയായി നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിനെയും കോടതി വിമര്‍ശിക്കുകയുണ്ടായി. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാല്‍, കോടതിയുടെ ഈ ഉത്തരവുകള്‍ മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലനടപടികളെല്ലാം. ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ജാഗ്രതപ്പെടുത്താന്‍ ജുഡീഷ്യറി തയ്യാറാകാത്തതും സ്ഥിതി വഷളാക്കി. 370ാം വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികളും വേഗത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് പരമോന്നതകോടതി കരുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഹിന്ദുരാഷ്ട്രനിര്‍മാണമെന്ന അജന്‍ഡയുടെ ഭാഗമാണ് 370ാം വകുപ്പ് റദ്ദാക്കിയത് എന്ന കാര്യം പകല്‍പോലെ വ്യക്തമാണുതാനും.
കശ്മീരില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തേക്കാളും ഭീകരമായ ജനാധിപത്യക്കുരുതിയാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം തുറുങ്കിലടച്ച് നിശ്ശബ്ദരാക്കുകയാണ്. രാഷ്ട്രനേതാക്കളെ പിഎസ്എചുമത്തി പീഡിപ്പിക്കുന്നു. കുറ്റം ചുമത്താതെ, വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടവിലിടാന്‍ അധികാരം നല്‍കുന്ന കരിനിയമമാണിത്. കൊളോണിയല്‍ ഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന നടപടിയാണിത്. സര്‍ക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് വേണ്ടത്. ജനങ്ങളുടെ ഇടയില്‍ ശക്തമായ വേരോട്ടമുള്ള പ്രാദേശിക കക്ഷി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവരെ കരിനിയമം ചുമത്തി തുറുങ്കിലടയ്ക്കുകയല്ല വേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here