സാർസ്‌ മരണം കടന്ന്‌ കൊറോണ ; മരിച്ചവരുടെ എണ്ണം 813 ആയി

കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 813 ആയി. ചൈനയുടെ പ്രധാനകരയിൽ 811 പേരും ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോരുത്തരുമാണ്‌ മരിച്ചത്‌. ഇതോടെ 2003–-04ൽ സാർസ്‌ ബാധിച്ച്‌ മരിച്ചതിനേക്കാൾ അധികമായി കൊറോണ വൈറസ്‌ ഇരകളുടെ എണ്ണം. ചൈനയിലും ഹോങ്കോങ്ങിലുമായി 774 പേരാണ്‌ സാർസ്‌ ബാധിച്ച്‌ മരിച്ചത്‌.

അതേസമയം, രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവു കാണുന്നത്‌ അനുകൂലാവസ്ഥയായി കണക്കാക്കപ്പെടുന്നു. 2656 പേർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്‌. തലേന്ന്‌ 3399 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പ്രഭവകേന്ദ്രമായ വുഹാനും അതടങ്ങുന്ന ഹൂബെയ്‌ പ്രവിശ്യക്കും പുറത്ത്‌ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ചു ദിവസവും തുടർച്ചയായി കുറഞ്ഞിട്ടുണ്ട്‌.

ഇപ്പോൾ രോഗബാധിതർ 37,287 ആയി. 26 രാജ്യങ്ങളിലായി 316 പേർക്കാണ്‌ ചൈനയ്‌ക്കു പുറത്ത്‌ രോഗം ബാധിച്ചിട്ടുള്ളത്‌. 8098 പേർക്കായിരുന്നു സാർസ്‌ ബാധിച്ചത്‌. സാർസ്‌ ബാധിതരുടെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണ ബാധിതരുടെ മരണനിരക്ക്‌ കുറവാണ്‌.
കൊറോണബാധയെ ചെറുക്കാൻ രംഗത്തുള്ള സ്ഥാപനങ്ങൾക്ക്‌ സഹായമായി ഈയാഴ്‌ച 30,000 കോടി യുവാൻ നൽകുമെന്ന്‌ ചൈനയുടെ കേന്ദ്രബാങ്ക്‌ അറിയിച്ചു. ആദ്യ ഗഡു തിങ്കളാഴ്‌ച നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here