ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല; എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു

രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാനാവാതെ എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് രൂക്ഷമായ വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചത്. യോഗത്തില്‍ റിട്ടേണിങ്ങ് ഓഫീസറായി എത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിക്കലിയെ ഒരു വിഭാഗം തടഞ്ഞ് വെച്ചു.

കോഴിക്കോട് നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ സമവായം ആകാത്തതിനാല്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചിരുന്നില്ല. ലീഗിനുള്ളിലെ അഭിപ്രായ ഭിന്നതകള്‍ കാരണം തീരുമാനം നീണ്ടു. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി കോഴിക്കോട് എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഞായറാഴ്ച യോഗം ചേര്‍ന്നതും രൂക്ഷമായ തര്‍ക്കത്തിലാണ് കലാശിച്ചത്. നിലവിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിഷാദ് കെ സലിം ആണ് ഒദ്യോഗിക പക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥി. കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കമ്മറ്റികളിലെ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമാണ് സാദിഖലി തങ്ങള്‍ പിന്തുണക്കുന്ന പി.കെ. നവാസിനുള്ളത്. ബാക്കിയുള്ളവരെല്ലാം പിന്തുണക്കുന്നത് നിഷാദ് കെ. സലിമിനെയാണ്.

വരണാധികരിയായ മുസ്ലിം ലീഗ് സെക്രട്ടറി പി.എം. സാദിഖലി, സാദിഖലി ശിഹാബ് തങ്ങളുടെ പാനല്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക പക്ഷം ബഹളം വച്ചെങ്കിലും വരണാധികരി വഴങ്ങിയില്ല. യോഗം നിര്‍ത്തിവെച്ച് പോകാനിറങ്ങിയ പി.എം. സാദിഖലിയെ ഒദ്യോഗിക പക്ഷം തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ എം കെ മുനീറും പി കെ ഫിറോസുമെത്തി ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്താമെന്ന ധാരണ ഉണ്ടായതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയി. ഭാരവാഹി തെരഞ്ഞെടുപ്പിനായി ഈ മാസം പതിനാറിന് വീണ്ടും കൗണ്‍സില്‍ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News