കൂടത്തായി കൊലപാതകം: അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുക. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം, ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി കൊല നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി മാത്രമാണ് കേസിലെ പ്രതി.

പൊന്നാമറ്റം വീട്ടിലെ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പരക്ക് തുടക്കമിടുന്നത്. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22ന് കൊല്ലപ്പെട്ട അന്നമ്മ. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ്കില്‍ എന്ന വിഷം, ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയത്. വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേ ദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവെച്ചന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മയ്ക്ക് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്നത് ജോളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നു. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് എല്ലാവരേയു വിശ്വസിപ്പിച്ചിരുന്നത്. അന്നമ്മ നിരന്തരം ജോളിയോട് ജോലിക്ക് പോകാനും ആവശ്യപ്പെടുമായിരുന്നു. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കില്‍ അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി. 125 സാക്ഷികളുള്ള കേസില്‍ 75 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് അന്വേഷിച്ച പേരാമ്പ്ര സി ഐ, കെ കെ ബിജു കുറ്റപത്രം സമര്‍പ്പിക്കുക. ഇതോടെ ആറ് വധക്കേസിലേയും കുറ്റപത്രം, പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനകം നല്‍കാനും പോലീസിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News