പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് മുറുകുന്നു: പണമിടപാട് വിജിലന്‍സ് പരിശോധിക്കും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പണമിടപാട് വിജിലന്‍സ് പരിശോധിക്കും. അദ്ദേഹത്തിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകളാകും പരിശോധിക്കുക. കേസില്‍ പ്രതിചേര്‍ത്തശേഷമാകുമിത്. ചന്ദ്രിക കൊച്ചി യൂണിറ്റുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞ് നടത്തിയ പണമിടപാടും വിജിലന്‍സ് പരിശോധിക്കും. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ഇബ്രാഹിംകുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്നതില്‍ തിങ്കളാഴച തീരുമാനമാകും.

ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായ കാലത്ത് നടന്ന പണമിടപാടാകും പ്രധാനമായും പരിശോധിക്കുക. പാലാരിവട്ടം പാലത്തിന് പുറമെ അക്കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒമ്പത് കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. അതിനാല്‍ വിശദമായ അന്വേഷണത്തിനാണ് വിജിലന്‍സ് തീരുമാനം.

ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് നേരത്തെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുസംബന്ധമായ വിവരങ്ങളും ആരാഞ്ഞിരുന്നു. എന്നാല്‍ അക്കൗണ്ടുകളുടെ വിശദമായ പരിശോധന നടന്നിരുന്നില്ല. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അക്കൗണ്ട് പരിശോധിക്കാന്‍ വിജിലന്‍സിന് തടസ്സമില്ല. ഇക്കാര്യത്തില്‍ ബാങ്കിനെയും സമീപിക്കാം.

അതിനിടെ, അഴിമതി നിരോധന നിയമത്തിന് പുറമെ ഗൂഢാലോചന കുറ്റവും ഇബ്രാഹിംകുഞ്ഞിനെതിരെ ചുമത്തിയേക്കും. കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയലിന് മൊബലൈസേഷന്‍ അഡ്വാന്‍സായി 8.25 കോടിരൂപ അനധികൃതമായി നല്‍കിയിരുന്നു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്.

ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തെളിയിക്കുന്ന രേഖകളും മൊഴിയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്കിടപാട് നടന്നതായി തെളിഞ്ഞാല്‍ ഐടി ആക്ടും ചുമത്തും.സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്ടോപ് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇവ സിഡാക്കില്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാന്‍ അന്വേഷണ സംഘം കത്ത് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here