വിജയിനെ വീണ്ടും ചോദ്യംചെയ്യും; ഹാജരാകാന്‍ നിര്‍ദേശം; തമിഴകം ആശങ്കയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും.

മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിനെ 30 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് വീട്ടിലെത്തിയുമാണ് ചോദ്യം ചെയ്തത്. അന്ന് ഭാര്യ സംഗീതയേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
അതേസമയത്ത് തന്നെ സിനിമാ നിര്‍മാതാവ് അന്‍പിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.

ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്ന നടനാണ് വിജയ്. ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയുള്ള റെയ്ഡ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2017ലും വിജയ്ക്കെതിരെ സമാന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സിഎഎയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ രജനികാന്തിനെതിരായ ആദായനികുതി കേസുകള്‍ പിന്‍വലിച്ചതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിമര്‍ശകനായ വിജയ്യെ കുരുക്കാന്‍ സംഘടിത നീക്കം നടക്കുന്നതും രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here