റോഡപകടങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍

2019 -ല്‍ റോഡപകടങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. 4408 പേരാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്. അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

യു പ്രതിഭ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ റോഡപകടം സംബന്ധിച്ചുള്ള കണക്ക് വിശദീകരിച്ചത്. 2018നേക്കാള്‍ 2019ല്‍ റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിച്ചെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. 2018-ല്‍ 40,999 റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 4333 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019ല്‍ 41253 അപകടങ്ങളില്‍ നിന്ന് 4408 പേര്‍ മരണപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

2019 ല്‍ മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കെതിരെ 2,76,584 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. 33,80,72,125 രുപ പിഴ ഈടാക്കി. വിവിധ ട്രാഫിക് നിയമ ലംഘനങ്ങളില്‍പ്പെട്ട 28,020 പേരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്‌തെന്നും മന്ത്രി അറിയിച്ചു.

ഹെല്‍മറ്റ് ധരിക്കാത്തത് ഉള്‍പ്പടെയുള്ള മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് 2019 ഡിസംബര്‍ മുതല്‍ പിഴ ഈടാക്കിയ ഇനത്തില്‍ 13, 53 ,38,348 രൂപ ലഭിച്ചു. കൂടുതല്‍ പിഴ ലഭിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നാണ്. 3,66,79, 693 രൂപ . തിരുവനന്തപുരവും കോഴിക്കോട് ജില്ലയുമാണ് പിഴ ഈടാക്കിയതില്‍ രണ്ടും മൂന്നും സ്ഥാനത്ത്. നിയമ ലംഘനങ്ങളുടെ പേരില്‍ 14602 വാഹനങ്ങള്‍ പരിശോധിച്ച് 5,13, 94,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News