കൊല്ലത്ത് ആര്‍എസ്എസ് നേതാവിനെ കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്

ആര്‍എസ്എസ് നേതാവ് കടവൂര്‍ ജയന്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളെയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരുലക്ഷം വീതം പിഴയും ഒടുക്കണം.

ഫെബ്രുവരി രണ്ടിന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിനോദ്, ഗോപന്‍, സുബ്രഹ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നീ ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ പ്രതികള്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ജില്ലാ അഡിഷണല്‍ സെഷന്‍ കോടതിയില്‍ ഹാജരാക്കി.

എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന് എല്ലാ പ്രതികളും മറുപടി നല്‍കിയതോടെ കോടതി ശിക്ഷ പറഞ്ഞു. 9 പേര്‍ക്കും ജീവപര്യന്തം കഠിന തടവ്. ഒരുലക്ഷം രൂപ വീതമുള്ള പിഴത്തുക ജയന്റെ കുടുംബത്തിന് നല്‍കണം.
പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2012ലായിരുന്നു കടവൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ പട്ടാപ്പകല്‍ ജയനെ വെട്ടികൊലപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസം മൂലം ആര്‍എസ്എസ് വിട്ടതിന്റെ പകയായിരുന്നു കൊലക്ക് പിന്നില്‍. ജഡ്ജിയെ മാറ്റണമെന്നതടക്കമുള്ള മൂന്നു ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന് ശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here