കാട്ടുകൊള്ളക്കാര്‍ വനസംരക്ഷകരായ കഥ പറഞ്ഞ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്

ചന്ദനകള്ളക്കടത്തും വന്യജീവി വേട്ടയുമായി ഒരുകാലത്ത് കേരള വനംവകുപ്പിന് തലവേദന സൃഷ്ടിച്ച ഒരു കൂട്ടം കാട്ടുകൊള്ളക്കാര്‍ ഇന്ന് കണ്ണും കാതും കൂര്‍പ്പിച്ച് വനത്തിന്റെയും വനവിഭവങ്ങളുടെയും കാവലാളുകളായി മാറിയിരിക്കുന്നു. വിടിയല്‍ പാതുകാപ്പ് സംഘത്തിന്റെ ഈ അത്യപൂര്‍വ്വ കഥ അഭ്രപാളികളിലാക്കിയിരിക്കുകയാണ് വിടിയല്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍.

അരുവി എന്ന ചന്ദനമോഷാടാവിന്റെയും സംഘത്തിന്റെയും ഈ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം ഫലം കണ്ടപ്പോള്‍ പങ്കാളിത്ത വനപരിപാലനത്തില്‍ വിപ്ലവകരമായ സാധ്യതകള്‍ കൂടിയായാണ് അത് തുറന്ന് കാട്ടിയത്.

നിരവധി ചന്ദനകൊള്ളകള്‍ നടത്തിയ ഈ സംഘം 2004ല്‍ ഇതിനായി രൂപീകരിച്ച ചീറ്റ സ്‌ക്വാഡിന്റെ പിടിയിലാകുകയും തുടര്‍ന്ന് വിവിധ തലത്തിലുള്ള ആളുകളുടെ സഹായത്തോടെ വനപാലകര്‍ അവരെ പങ്കാളിത്ത വനപരിപാലനത്തിന്റെ കണ്ണികളാക്കുകയുമായിരുന്നു.

ജീവനോപാധി കണ്ടെത്തിതന്നാല്‍ കാടിന്റെ ഓരോ സ്പന്ദനവും അറിയുന്ന തങ്ങള്‍ കാടു കാക്കാന്‍ തയ്യാറാണെന്ന് ഈ 23 അംഗസംഘം സ്വമേധയാ ഉറപ്പു നല്‍കി ആയുധം വെച്ച് കീഴടങ്ങിയപ്പോള്‍ അതിനുള്ള വഴിയായി പിറന്നതാണ് വിടിയല്‍ വനപാതുകാപ്പ് സംഘം എന്ന ഇക്കോ ഡെവല്പ്മെന്റ് കമ്മിറ്റി. യാഥാസ്ഥിതിക വനസംരക്ഷണമാര്‍ഗങ്ങളില്‍ നിന്നുള്ള കാലോചിതമായ ഒരു മാറ്റം കൂടിയായിരുന്നു അത്.

ജനങ്ങള്‍ സ്വമേധയാ വനകുറ്റകൃത്യങ്ങളില്‍ നിന്ന് പിന്മാറി വനംപരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മാറിയ ഈ പെരിയര്‍ മോഡല്‍ ഇന്ത്യയിലെ തന്നെ വനംസംരക്ഷണപപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി. ഇവരുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഉതകും വിധം പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിവിധ സ്വഭാവങ്ങളിലുള്ള ഇക്കോഡെവല്പ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ച്

പ്രവര്‍ത്തനം ആരംഭിച്ചത് ഈ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുകയും ചെയ്തു.
എറണാകുളം ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി സി എഫ് .രാജു കെ ഫ്രാന്‍സിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച വിടിയലിന്റെ ആദ്യ പ്രദര്‍ശനോദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി പി കെ കേശവന്‍ നിര്‍വ്വഹിച്ചു.

വനംവകുപ്പ് ജീവനക്കാരും വിടിയല്‍ പാതുകാപ്പ് സംഘത്തിലെ അംഗങ്ങളും അഭിനയിച്ച ഹ്രസ്വചിത്രത്തില്‍ അരുവിയായി സംഘാംഗമായിരുന്ന പാണ്ഡ്യന്‍, റെയിഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അഖില്‍ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ നീതു എസ് എ, ചീറ്റ സ്‌ക്വാഡിലുണ്ടായിരുന്ന കുഞ്ഞിമോന്‍ , സെബാസ്റ്റിയന്‍, മാസ്റ്റര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. ഉമാശങ്കര്‍ ഛായാഗ്രഹണവും റിഞ്ചു ചിത്രസംയോജനവും നിര്‍വ്വഹിച്ചു.

പ്രകാശനചടങ്ങില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുത്തു നടത്തുന്ന മികച്ച സുസ്ഥിര ടൂറിസം പദ്ധതികള്‍ക്കുള്ള സ്‌കാല്‍(എസ് കെ എ എല്‍) ഇന്റര്‍ നാഷണലിന്റെ 2019ലെ ഇന്റര്‍ നാഷണല്‍ സസ്‌റ്റൈയിനബിള്‍ ടൂറിസം അവാര്‍ഡ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന് വേണ്ടി മുഖ്യ വനം മേധാവി പി കെ കേശവന്‍ സ്‌കാല്‍(എസ് കെ എ എല്‍) ഇന്റര്‍ നാഷണല്‍( തിരുവനന്തപുരം) പ്രസിഡന്റ് അലക്സ് പി ജേക്കബില്‍ നിന്നും ഏറ്റുവാങ്ങി.

ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദകുമാര്‍, എ പി സി സി എഫ് ഇ പ്രദീപ് കുമാര്‍,ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം ഡി എന്‍ മായ, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ് കെ ആര്‍, , ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here