സര്‍ക്കാര്‍ സ്‌കൂളില്‍ സംഘപരിവാര്‍ ലഘുലേഖ വിതരണം; തിരുവനന്തപുരത്ത് അധ്യാപികമാര്‍ക്ക് നിര്‍ബന്ധിത അവധി

നെടുമങ്ങാട്: പഠനസഹായികള്‍ എന്ന വ്യാജേന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘപരിവാര്‍ അനുകൂല ലഘുലേഖ വിതരണം ചെയ്ത അധ്യാപികമാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. അഴിക്കോട് മണ്ടക്കുഴി ഗവ. യുപി സ്‌കൂള്‍ അധ്യാപികമാരായ എം ടി രാജലക്ഷ്മി, സ്വപ്ന എന്നിവരോടാണ് സ്‌കൂള്‍ പിടിഎ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്.

മൂന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വെള്ളിയാഴ്ചയാണ് അധ്യാപികമാര്‍ മന്ത്രോച്ചാരണങ്ങള്‍ അടങ്ങിയ ‘ഗണിത സ്തുതി’ വിതരണം ചെയ്തത്. ഇത് പുസ്തകത്തിന് അകത്തുവച്ച് നിത്യേന വൈകിട്ട് ഉരുവിട്ടാല്‍ കണക്ക് പഠിത്തം എളുപ്പമാകുമെന്ന് ധരിപ്പിച്ചാണ് ലഘുലേഖ നല്‍കിയത്. കൃഷ്ണന്‍പോറ്റി എന്ന സംഘപരിവാറുകാരന്‍ കൊണ്ടുവന്ന ലഘുലേഖ പ്രധാനാധ്യാപിക അറിയാതെ വിതരണം ചെയ്യുകയായിരുന്നു.

സംഘപരിവാര്‍ അനുകൂല ലഘുലേഖയാണ് വിതരണം ചെയ്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇത് ആദ്യ സംഭവമല്ലെന്നും അധ്യാപികമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നെടുമങ്ങാട് എഇഒ രാജ്കുമാറിനും അരുവിക്കര പൊലീസിനും പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ രക്ഷാകര്‍ത്താക്കളും നാട്ടുകാരും പ്രതിഷേധവുമായി സ്‌കൂളിലെത്തി. എതിര്‍പ്പ് ഭയന്ന അധ്യാപിക രാജലക്ഷ്മി സ്‌കൂളില്‍ വന്നില്ല. സ്ഥലത്ത് എത്തിയ എഇഒയെ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ സ്ഥിതിഗതി ധരിപ്പിച്ചു. സിഐ ഷിബു, എസ്ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരുവിക്കര പൊലീസെത്തി രംഗം ശാന്തമാക്കി.

അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി അധ്യക്ഷയായ സ്‌കൂള്‍ പിടിഎ, പഞ്ചായത്ത് കമ്മിറ്റി, മദര്‍ പിടിഎ, എസ്എംസി കമ്മിറ്റികള്‍ യോഗം ചേര്‍ന്നു. എഇഒ, പ്രധാനാധ്യാപിക പുഷ്പ, പിടിഎ പ്രസിഡന്റ് സുള്‍ഫിക്കര്‍ എന്നിവരും പങ്കെടുത്ത യോഗത്തില്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ഇവര്‍ക്കെതിരെ രംഗത്തുവന്നു. അധ്യാപികമാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു.

രണ്ടുപേരെയും സ്‌കൂളില്‍നിന്ന് ഒഴിവാക്കി പകരം അധ്യാപകരെ കണ്ടെത്തുന്നത് ആലോചിക്കുമെന്ന് മിനി പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഡിഡിഇയോട് ആവശ്യപ്പെടും. സംഭവത്തില്‍ എഇഒ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന് ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടുമാസം മുമ്പും രാജലക്ഷ്മിക്കെതിരെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയെന്ന പരാതി പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്ത് പരിഹരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News