അക്കിത്തവും എംടിയും ഒരേ വേദിയില്‍; ജ്ഞാനപീഠ ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിന് വേദിയായി കുമരനെല്ലൂർ സ്കൂള്‍

ജ്ഞാനപീഠ ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിന് വേദിയായി കുമരനെല്ലൂർ സ്കൂള്‍.

ജൻമനാട് ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഒരുക്കിയ ആദര ചടങ്ങിൽ എം ടി വാസുദേവൻ നായരും എത്തിയതോടെയാണ് അപൂർവ്വ നിമിഷത്തിന് കുമരനെല്ലൂർ സാക്ഷിയായത്.

മാതൃവിദ്യാലയം രണ്ട് പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹത്തോടെ ആദരവോടെ ചേർത്തു പിടിച്ചു. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, എം ടി വാസുദേവൻ നായർ. രണ്ട് ജ്ഞാന പീഠ ജേതാക്കളെ വാർത്തെടുത്ത് അവരെ സ്കൂൾ അങ്കണത്തിൽ ഒരുമിപ്പിച്ച് കുമരനെല്ലൂർ സ്കൂൾ ഇന്ത്യയിൽ സമാനതകളില്ലാത്ത ചരിത്രമാണ് സൃഷ്ടിച്ചത്.

അക്കിത്തത്തിന് ഡിലിറ്റ് ഉം എം.ടിക്ക് എമിരിറ്റസും നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ പറഞ്ഞു. അക്കിത്തം – അച്യുതം എന്ന പേരിൽ കപ്പൂർ ഗ്രാമ പഞ്ചായത്തും കുമരനെല്ലൂർ സ്ക്കൂളുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രഭാവർമ്മയുടെ പൊന്നിൻ കൊലുസ് കവിതാ സമാഹാരം എം ടി യും അക്കിത്തവും വേദിയിൽ പ്രകാശനം ചെയ്തു.

സാഹിത്യ- സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കാലത്തെ അടയാളപ്പെടുത്തിയ കവിയുടെയും കഥാകാരൻ്റെയും സംഗമത്തിൻ്റെ കാൽപാടുകൾ കുമരനെല്ലൂരെന്ന പാലക്കാടൻ ഗ്രാമത്തിൽ ചരിത്രമായി മായാതെ മറയാതെ കിടക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here