ദില്ലി: ജനാധിപത്യത്തിന് കരുത്തു പകരുന്ന വിജയം; ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്തെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു.

രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ദില്ലിയിലെ തെരഞ്ഞെടുപ്പു ഫലം. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ എവിടെവിടെ ഒരു ശക്തിയുണ്ടോ അതിനെ ജനം നല്ല രീതിയില്‍ അംഗീകരിക്കും എന്നതിന് തെളിവാണിത്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വര്‍ഗീയ പ്രീണന നിലപാടിനും ജനദ്രോഹ നടപടികള്‍ക്കും എതിരെയുള്ള പ്രതികരണമാണിത്. ഈ തെരഞ്ഞെടുപ്പു ഘട്ടത്തിലും വലിയ തോതിലുള്ള വര്‍ഗീയ പ്രീണന നിലപാട് ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായി.

ബിജെപി തുടരുന്ന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, പ്രത്യേകിച്ച് ഭരണഘടനയുടേയും മതനിരപേക്ഷതയുടേയും സംരക്ഷണത്തിനായി ജനാധിപത്യ മത നിരപേക്ഷ ശക്തികള്‍ നടത്തുന്ന പോരാട്ടത്തിനു കരുത്തു പകരുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം.ഇതില്‍ നിന്ന് കോണ്‍ഗ്രസും പഠിക്കേണ്ട പാഠമുണ്ട്.

കെജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി പ്രത്യേക ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചാണ്. അതിനു ലഭിച്ച അംഗീകാരമാണ് ഈ വിജയം. അത് മനസിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നെങ്കില്‍ യോജിച്ചു മത്സരിക്കാന്‍ കഴിയുമായിരുന്നു. എങ്കില്‍ ബിജെപിക്ക് ഇതിലും കുറച്ച് സീറ്റേ ലഭിക്കുമായിരുന്നുള്ളൂ.

രാജ്യത്തിനു ആവേശം പകരുന്ന ഫലമാണ് കെജിരിവാളിന്റെ നേതൃത്വത്തില്‍ പാര്‍ടിക്ക് നേടാന്‍ കഴിഞ്ഞതെന്നും എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍വിജയം നേടിയ അരവിന്ദ് കെജരിവാളിന് ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here