
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം . ആകെയുള്ള 70 സീറ്റില്‍ 62ലും ആംആദ്മി വിജയിച്ചു. ബിജെപി 8 സീറ്റിലും വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.
മുന്നാം തവണയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ഭരണത്തിലേറുന്നത്. വികസനം വര്‍ഗീയതയെ തോല്‍പ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആംആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി കെജ്രിവാള്‍ ന്യൂ ദില്ലി മണ്ഡലത്തില്‍ 22000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പാട്പട്ഗഞ്ചില്‍ നിന്ന് ഉപമുഖ്യമന്ത്രിയായ മനീഷ് സിസോഡിയയും, കള്‍ക്കാജിയില്‍ നിന്ന് അതിഷി മര്‍ലെനയും ജയിച്ചു. കോണ്ഗ്രസ് ദില്ലി അധ്യക്ഷനായ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്രയെ ആണ് അതിഷി തോല്‍പ്പിച്ചത്.
ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‌ല മണ്ഡലത്തിലാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആം ആദ്മി ജയിച്ചത്. അമാനത്തുള്ള ഖാന്റെ ഭൂരിപക്ഷം 75000ത്തില്‍ ഏറെ വോട്ടുകള്‍. ആം ആദ്മി ജയിച്ചുകയറിയപ്പോള്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിച്ചത് ഷഹീന്‍ ബാഗിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പര്‍വേശ് വര്‍മ്മയുടെ വെസ്റ്റ് ദില്ലിയില്‍. വെസ്റ്റ് ദില്ലിയിലെ 10 സീറ്റുകളും ബിജെപിയെ കൈയൊഴിഞ്ഞു.
ബിജെപി ടിക്കറ്റില്‍ മത്സരിച്ച മുന്‍ ആം ആദ്മി മന്ത്രിയായിരുന്ന കപില്‍ മിശ്രയടക്കമുള്ള നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആയ വിജേന്ദര്‍ കുമാര്‍ രോഹിണിയില്‍ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. അതോടൊപ്പം ഇത്തവണ തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്ഗ്രസും നേരിട്ടത് വലിയ തിരിച്ചടി.
ഒരു മണ്ഡലത്തില്‍ പോലും കോണ്ഗ്രസ്സ്‌സിനും ജയിക്കാന്‍ കഴിഞ്ഞില്ല. ബെല്ലിമാരന്‍ മണ്ഡലത്തില്‍ തുടക്കത്തില്‍ മുന്നിട്ടുന്നിന്ന ഹാറൂണ് യൂസഫും തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ചാന്ദിനി ചൗക്കില്‍ ആംആദ്മി വിട്ട് കോണ്ഗ്രസിലേക്ക് ചെക്കേറിയ അല്‍ക്ക ലാംബയും തോറ്റു.
2015ല്‍ 67 സീറ്റുമായാണ് ആംആദ്മി അധികാരത്തില്‍ വന്നത്. ബിജെപിക്ക് 3 സീറ്റാണ് ഉണ്ടായിരുന്നത്.
തലസ്ഥാനത്തെ അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കെജ്രിവാള്‍ ജനസ്സമ്മതി നേടുന്നത്. പിന്നീട് ദില്ലിയുടെ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോളും ജനസമ്മതി വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. മൂന്നാം തവണയും ദില്ലിയെ ഭരിക്കാന്‍ കെജ്‌രിവാള്‍ തന്നെയാണ് അനുയോജ്യന്‍ എന്ന് ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്ത്
ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു.
രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ദില്ലിയിലെ തെരഞ്ഞെടുപ്പു ഫലം. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ എവിടെവിടെ ഒരു ശക്തിയുണ്ടോ അതിനെ ജനം നല്ല രീതിയില്‍ അംഗീകരിക്കും എന്നതിന് തെളിവാണിത്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വര്‍ഗീയ പ്രീണന നിലപാടിനും ജനദ്രോഹ നടപടികള്‍ക്കും എതിരെയുള്ള പ്രതികരണമാണിത്. ഈ തെരഞ്ഞെടുപ്പു ഘട്ടത്തിലും വലിയ തോതിലുള്ള വര്‍ഗീയ പ്രീണന നിലപാട് ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായി.
ബിജെപി തുടരുന്ന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, പ്രത്യേകിച്ച് ഭരണഘടനയുടേയും മതനിരപേക്ഷതയുടേയും സംരക്ഷണത്തിനായി ജനാധിപത്യ മത നിരപേക്ഷ ശക്തികള്‍ നടത്തുന്ന പോരാട്ടത്തിനു കരുത്തു പകരുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം.ഇതില്‍ നിന്ന് കോണ്‍ഗ്രസും പഠിക്കേണ്ട പാഠമുണ്ട്.
കെജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി പ്രത്യേക ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചാണ്. അതിനു ലഭിച്ച അംഗീകാരമാണ് ഈ വിജയം. അത് മനസിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നെങ്കില്‍ യോജിച്ചു മത്സരിക്കാന്‍ കഴിയുമായിരുന്നു. എങ്കില്‍ ബിജെപിക്ക് ഇതിലും കുറച്ച് സീറ്റേ ലഭിക്കുമായിരുന്നുള്ളൂ. രാജ്യത്തിനു ആവേശം പകരുന്ന ഫലമാണ് കെജരിവാളിന്റെ നേതൃത്വത്തില്‍ പാര്‍ടിക്ക് നേടാന്‍ കഴിഞ്ഞതെന്നും എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കെജ്‌രിവാളിന് ആശംസയുമായി കോണ്‍ഗ്രസ്
അരവിന്ദ് കെജ്‌രിവാളിന് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
ദില്ലി ജനത വീണ്ടും കെജ്‌രിവാളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ. ദില്ലിയെ കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും സിന്ധ്യ ആശംസിച്ചു.
ആം ആദ്മി അധികാരത്തില്‍ വരുമെന്ന് ഉറപ്പ്
ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
കോണ്‍ഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നല്‍കുന്നത്. ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരായ ആംആദ്മി പാര്‍ട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here