അയര്‍ലന്‍ഡ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍മുന്നേറ്റം; പതിറ്റാണ്ടുകളായുള്ള വലതുപക്ഷ ആധിപത്യം തകര്‍ത്തു

ഡബ്ലിന്‍: അയര്‍ലന്‍ഡ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടതുപക്ഷത്തിന് വന്‍മുന്നേറ്റം. ഇടതുപക്ഷ പാര്‍ട്ടിയായ ഷിന്‍ ഫെയിനാണു കൂടുതല്‍ വോട്ടിംഗ് ശതമാനം നേടിയത്. 37സീറ്റും 24.53% വോട്ടും ഷിന്‍ ഫെയിന്‍ നേടി. വെറും 42 സീറ്റില്‍ മാത്രം മത്സരിച്ചാണ് ഷിന്‍ ഫെയിന്‍ ഈ തിളക്കമാര്‍ന്ന നേട്ടം കൊയ്തത്.

പതിറ്റാണ്ടുകളായി മാറിമാറി ഭരണം കൈയാളുന്ന വലതുപക്ഷ പാര്‍ട്ടികളായ ഫിനഗേലും ഫിന ഫാളും അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഇടതു കക്ഷിയായ ഷിന്‍ ഫെയിനു ജനവികാരം നേരത്തെ മനസ്സിലാക്കാന്‍ പറ്റാതെ പോയതാണ് വിനയായത്. 42 സീറ്റില്‍ മാത്രം ആണ് അവര്‍ മത്സരിച്ചത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കില്‍ ചരിത്രം തിരുത്തി അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍കഴിഞ്ഞേനെ. ജയിച്ച സീറ്റുകളില്‍ വന്‍ ഭൂരിപക്ഷമാണ് ഷിന്‍ ഫെയിന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

സാധാരണക്കാരുടെ ജയമാണിതെന്ന് ഷിന്‍ ഫെയിന്‍ നേതാവ് മേരി മക്ഡൊണള്‍ഡ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് തങ്ങള്‍ക്കായതിനാല്‍ അധികാരത്തിലെത്താന്‍ സമാന ചിന്താഗതിയുള്ള ഇടതു പാര്‍ടികളുമായി ചര്‍ച്ച നടത്തും.

ഗ്രീന്‍ പാര്‍ട്ടിയുടെയും ലേബര്‍ പാര്‍ട്ടിയുടെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും പീപ്പിള്‍സ് ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ഷിന്‍ ഫെയിന്‍ ആരംഭിച്ചിട്ടുുണ്ട്. ആരോഗ്യ-ഭവന മേഖലകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന പ്രചരണമാണ് ഷിന്‍ ഫെയിനെ തുണച്ചത്.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അയര്‍ലന്‍ഡില്‍ 39 മണ്ഡലങ്ങളിലെ 160 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണി തുടങ്ങിയത്. ഫസ്റ്റ് പ്രിഫറന്‍സു വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോഴും ഷിന്‍ ഫെയിന്‍ ആണ് മുന്നിട്ടു നിന്നത്. നിലവിലെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്കര്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും അഞ്ചാം റൗണ്ട് വോട്ടെണ്ണലില്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടതു.

മുന്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടര്‍ ഇതേ മണ്ഡലത്തില്‍ പരജയപ്പെട്ടു. മന്ത്രിമാരായ ഷെയിന്‍ റോസ്, കാതറിന്‍ സപ്പോണ എന്നിവരും പരാജയപ്പെട്ടു. നിലവിലെ ഭരണ കക്ഷിയായ ഫിനഗേല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു. 20.86 % വോട്ട് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here