ഭരണഘടനയെ വായിക്കുന്നതും സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങുന്നതും പ്രധാന രാഷ്‌ട്രീയപ്രവർത്തനം; പി രാജീവ്‌

സത്യത്തെ നുണയും നുണയെ സത്യവുമാക്കി പലരും നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോൾ ഭരണഘടനയെ വായിക്കുന്നതും സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങുന്നതും പ്രധാന രാഷ്‌ട്രീയപ്രവർത്തനമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു.

കൃതി അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ‘ഭരണഘടനയും ഭരണകൂടവും’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ അടിത്തറയെയും അടിസ്ഥാനമൂല്യങ്ങളെയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നത്‌.

അതിന്റെ ഭാഗമായി ഇന്ന്‌ ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും ഭരണഘടനാശിൽപ്പികൾ അന്നേ ഉത്തരം നൽകിയിട്ടുള്ളതാണ്‌. ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളുടെ രേഖകളിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം പ്രസംഗത്തിൽ ഇന്ത്യ എന്നതിനുപകരം ഹിന്ദുസ്ഥാൻ എന്നാണ്‌ ഉപയോഗിക്കുന്നത്‌. ഭരണഘടന രാജ്യത്തെ നാമകരണം ചെയ്‌തിട്ടുള്ളത്‌ ഇന്ത്യ എന്ന ഭാരതം എന്നാണ്‌.

ഏതെങ്കിലും മതത്തിന്റെ രാഷ്‌ട്രമല്ല ഇന്ത്യയെന്ന്‌ ഭരണഘടനാശിൽപ്പികൾ അസന്ദിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. പൗരത്വം സംബന്ധിച്ചുള്ള വ്യവസ്ഥകളും സംശയാതീതമാണ്‌. ഏതെങ്കിലും ജാതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതിനെ ഭരണഘടന അംഗീകരിക്കുന്നില്ല.

ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമായ കാര്യങ്ങളായിട്ടും ജനങ്ങൾക്കിടയിൽ വർഗീയബോധനിർമാണം നടത്തി ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാണ്‌ നടക്കുന്നത്‌.

പൊതു ഇടങ്ങളെ മത ഇടങ്ങളാക്കിമാറ്റാനാണ്‌ നീക്കം. രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുമുഖവും മതനിരപേക്ഷവുമായ മുഖമാണ്‌ ഇതിലൂടെ തകരുന്നത്‌.

പകരം മതാത്മകമായ ഏകമുഖം അടിച്ചേൽപ്പിക്കാനാണ്‌ നീക്കം. അതിനായി ചരിത്രത്തെ വികൃതമാക്കിയും സത്യത്തെ നുണയാക്കിയും നുണകളെ സത്യമാക്കിയും തെറ്റിദ്ധാരണ പരത്തുകയാണ്‌.

യഥാർഥ ചരിത്രസത്യങ്ങളെ എടുത്തുകാട്ടിമാത്രമേ ഈ വെല്ലുവിളിയെ അതിജീവിക്കാനാകൂ എന്ന്‌ പി രാജീവ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News