12 കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇനി സ്വന്തം വീട്; ഫ്ലാറ്റുകളുടെ താക്കോല്‍ മുഖ്യമന്ത്രി 15ന്‌ കൈമാറും

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അങ്കമാലി നഗരസഭയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

അങ്കമാലി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് നിര്‍മിച്ചത്.

മേനാച്ചേരി പാപ്പു-ഏല്യാ ദമ്ബതികള്‍ സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. 7,500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് നിര്‍മാണം.

650 ചതുരശ്രയടി വിസ്തീര്‍ണമുള്ള 12 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ഭൂരഹിത ഭവനരഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്.

ഇതില്‍ 12 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫ്ലാറ്റുകള്‍ കൈമാറുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച്‌ ബാക്കിയുള്ളവര്‍ക്കും ഫ്ലാറ്റ് നിര്‍മിച്ച്‌ നല്‍കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി മൂന്നുനിലകളില്‍ ഫ്ലാറ്റ് നിര്‍മിച്ച്‌ ആറ് കുടുംബങ്ങള്‍ക്കു കൈമാറി.

ഭൂരഹിതരായ 15 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി 30 ലക്ഷം രൂപയും നല്‍കി. ജനകീയാസൂത്രണ പദ്ധതി, ലൈഫ്‌, പിഎംഎവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 366 വീടു നിര്‍മിച്ചു.

പ്രളയാനന്തര ഭവന പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി 20 വീടുകള്‍ നിര്‍മിച്ചുനല്‍കാനും നഗരസഭയ്ക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel