മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിങ്ങനെ: ആരോപണങ്ങളും വസ്തുതയും:

1) പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചുകൊണ്ടാണ്.

വസ്തുത: പോലീസ് സംവിധാനത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി പോലീസിനു വേണ്ടി കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ക്യാമറുകളും വാഹനങ്ങളും വാങ്ങുക സ്വാഭാവികമാണ്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം (സി.സി.ടി.എന്‍.എസ്.) പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. പ്രസ്തുത വാങ്ങല്‍ നടപടികള്‍ സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം (സി.പി.ആര്‍.സി.) മുഖാന്തിരവും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിംഗ് (GeM) മുഖാന്തിരവുമാണ്. സി.സി.ടി.വി.കളാവട്ടെ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളത്.

2) സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ ക്യാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്.

വസ്തുത: സിംസ് എന്ന പദ്ധതിയെന്നത് മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതിയാണ്. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനുമാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്.

3) നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്.എച്ച്.ഒ. മാര്‍ക്ക് താമസിക്കുവാന്‍ ക്വാര്‍ട്ടേഴ്സ് കെട്ടുവാന്‍ അനുവദിച്ച തുക വകമാറ്റി ചിലവഴിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ വില്ലകളും ബംഗ്ലാവുകളുമാക്കി മാറ്റി.

വസ്തുത: നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്റീച്ചര്‍ (എസ്.ആര്‍.ഇ) സ്പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം (എസ്.ഐ.എസ്.) എന്നിവയാണ് നിലവിലുള്ളത്. എസ്.ആര്‍.ഇ., എസ്.ഐ.എസ്.സ്‌കീമുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനമെന്ന ഘടകം ഉള്‍പ്പെടുന്നില്ല. ഈ പദ്ധതിയുടെ ഭാഗമായോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ല.

സീനിയര്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ അപര്യാപ്തമായതിനാല്‍ മോഡനൈസേഷന്‍ ഓഫ് പോലീസ് ഫണ്ട് (MoPF) 201314 (സംസ്ഥാന വിഹിതം) സ്‌കീമില്‍ അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍ പണി കഴിപ്പിക്കുവാനായി അനുവദിച്ച തുകയും (433 ലക്ഷം രൂപ) സ്റ്റേറ്റ് പ്ലാന്‍ 2018-19 & 201920 സ്‌കീമുകളില്‍ സീനിയര്‍ ഓഫീസേഴ്സ് റസിഡന്‍സ് പണി കഴിപ്പിക്കുവാനായി അനുവദിച്ച തുകയും (195 ലക്ഷം രൂപ) ഉപയോഗിച്ച് ഭക്തിവിലാസത്ത് പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളാണ് പണി കഴിപ്പിക്കുന്നത്.

കേരള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പോലീസുകാരെ വഴിവിട്ട് നിയമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലും മൂന്ന് മേഖലാ സയന്‍സ് ലബോറട്ടറികളിലുമായി 140 തസ്തികകളില്‍ 64 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4 ലാബുകളിലായി പരിശോധനയ്ക്കായി 12,000ത്തോളം ക്രൈം കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലെ സയന്റിഫിക് ഓഫീസര്‍മാരെ സഹായിക്കാനായി 6 മാസത്തേക്ക് താത്ക്കാലികമായി വര്‍ക്ക് അറേഞ്ച്മെന്റില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവരെ ലബോറട്ടറിയിലെ പരിശോധനാ ചുമതലകളൊന്നും ഏല്‍പ്പിച്ചിട്ടില്ല. തൊണ്ടിമുതലുകളുടെ പരിശോധനയ്ക്ക് അക്കാര്യത്തില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ മാത്രമേ ചുമതലപ്പെടുത്തിയിട്ടുള്ളൂയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here