കൊറോണ: ചൈനയില്‍ മരണം 1335; ഇന്നലെ മാത്രം 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി.

ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കൂടാതെ 14,840 പേര്‍ക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

രോഗം ഏതു രാജ്യത്തേക്കും വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.

അതിനിടെ കൊറോണ ഭീതിയെ തുടര്‍ന്ന് ബാഴ്സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മൊബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്.

അതേസമയം, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇന്ന് മാറ്റും.

തുടര്‍ച്ചയായ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഈ മാസം 26 വരെ ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here