കുഴല്‍ പണം തട്ടിയെടുക്കുന്നതിനിടെ ഓട്ടോമറിഞ്ഞ് 3 കോടി റോഡില്‍; ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കോട്ടക്കല്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവും ഇത് തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍ സംഘവും പൊലീസ് കസ്റ്റഡിയില്‍. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിന്റെ വാഹനം ഇടിച്ചുമറിഞ്ഞ ഓട്ടോയില്‍ നിന്ന് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.

പണം തട്ടിയെടുക്കാന്‍ ഓട്ടോയില്‍ കയറിയ രണ്ടുപേര്‍ പിടിയിലായെങ്കിലും പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷന്‍ നല്‍കിയ സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി. താനൂര്‍ സ്വദേശികളായ ഷഫീഖ്, ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇരുവരും താനൂരിലെ ഓട്ടോ ഡ്രൈവര്‍മാരാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ- കോട്ടക്കല്‍ റോഡിലെ വലിയപറമ്പിലാണ് നാടകീയ സംഭവം നടന്നത്. പണവുമായെത്തിയ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്തി ഓട്ടോയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാര്‍ ഓട്ടോയില്‍ ഇടിച്ചത്. ഓട്ടോ മറിഞ്ഞപ്പോള്‍ സംഘത്തിന്റെ ആസൂത്രണം പൊളിഞ്ഞു.

നോട്ടുകെട്ടുകള്‍ റോഡില്‍ വീണതോടെ ഓട്ടോയിലുണ്ടായിരുന്ന യുവാക്കള്‍ പണം നിറച്ച ചാക്കുകളുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ഓട്ടോയുടെ ഡ്രൈവറെയും കടത്തി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

500 രൂപയുടെ നോട്ടുകളുടെ കെട്ടുകളാക്കിയാണ് ഓട്ടോയില്‍ കൊണ്ടുവന്നത്.ഓട്ടോയില്‍ കൊണ്ടുവരുന്ന പണം തട്ടിയെടുത്ത് നല്‍കിയാല്‍ 30 ലക്ഷം രൂപ കിട്ടുമെന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്. പണം കൊണ്ടുവരുന്ന വഴി ഇവര്‍ക്ക് നേരത്തെ കൈമാറിയിരുന്നു. അതുപ്രകാരമാണ് സ്‌കൂട്ടറില്‍ രണ്ടുപേരും വലിയ പറമ്പ് ഇറക്കത്തിലെത്തി കാത്തുനിന്നത്.

തുടര്‍ന്ന് ഓട്ടോ വന്നതോടെ കൈകാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ഓട്ടോയുമായി കടക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് ക്വട്ടേഷന്‍ നല്‍കിയ സംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് ഓട്ടോ മറിഞ്ഞത്. ഡ്രൈവറെ പുറത്തിട്ട് ഓട്ടോയുമായി രക്ഷപ്പെടാനും വഴിയില്‍ നിന്ന് കാറില്‍ കയറാനുമായിരുന്നു ഇവര്‍ തമ്മില്‍ ധാരണയുണ്ടായിരുന്നതത്രെ.

അപകടം സംഭവിച്ചതോടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയില്‍ നിന്ന് ചാക്ക് നിറയെ പണം കണ്ടെത്തി. കോട്ടക്കല്‍ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News