ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നു; കേരളം ഒന്നുചേർന്ന്‌ രോഗഭീതിയെ മറികടന്നത് ഇങ്ങനെ

നിപാ ഭീതി പിടിച്ചുലച്ച നാളുകളിൽ കേരളം ഒന്നുചേർന്ന്‌ രോഗഭീതിയെ മറികടന്നതിന്‌ സമാനമായ ജാഗ്രതയിലൂടെയാണ്‌ ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്‌. കേരളത്തിൽ രോഗം സ്ഥിരീകരിച്ച മൂന്നുരോഗികളിൽ രണ്ടാമത്തെയാൾ വ്യാഴാഴ്‌ച ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി വിട്ടു.

രോഗത്തെ പിടിച്ചുകെട്ടാൻ ഒരുക്കിയ ചിട്ടയായ ആരോഗ്യ, ശുചിത്വ പ്രവർത്തനങ്ങളുടെ വിജയമാണിത്‌. കൊറോണ ബാധിതർ രോഗം ഭേദമായശേഷം ആദ്യമായി ആശുപത്രി വിടുന്നത്‌ ആലപ്പുഴയിൽ നിന്നാണ്‌.

ജനുവരി 24ന്‌ ചൈനയിൽനിന്ന്‌ മടങ്ങിയ യുവാവിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ 30 മുതൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി രണ്ടിനാണ്‌ രോഗം സ്ഥിരീകരിച്ച്‌ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും ഫലം വന്നത്‌.

രോഗബാധ സ്ഥിരീകരിച്ചതിന്റെ പത്താംദിവസമായ ബുധനാഴ്‌ച പരിശോധനാഫലം നെഗറ്റീവായി ആശുപത്രിയിൽ നിന്ന്‌ വിടുതൽ അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്‌ചയാണ്‌ വീട്ടിലേക്കു മടങ്ങിയത്‌. 26 വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.

പ്രതിരോധം വ്യാപിപ്പിക്കാൻ കലക്‌ടറും ഡിഎംഒയും വിളിച്ചുചേർത്ത യോഗതീരുമാനങ്ങൾ നടപ്പാക്കുന്നതിനിടെയാണ്‌ ഫെബ്രുവരി രണ്ടിന്‌ ജില്ലയിൽ കൊറോണ സ്ഥിരീകരിക്കുന്നത്‌. ഉടൻ മന്ത്രി കെ കെ ശൈലജയെത്തി പ്രതിരോധപ്രവർത്തനം ഏകോപിപ്പിച്ചു.

മെഡിക്കൽ കോളേജിലെ തയ്യാറെടുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. മാരകവൈറസിനെ നേരിടാനുള്ള പഴുതില്ലാത്ത സംവിധാനങ്ങൾ അതിശയിപ്പിക്കുന്ന വേഗത്തിൽ ഒരുങ്ങി.

ഭീതിയകറ്റാനും ബോധവൽക്കരണത്തിനും സന്നാഹങ്ങൾ നിരന്നു. ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും ഉറക്കമില്ലാതെ സദാ സജ്ജരായി. മെഡിക്കൽ കോളേജിൽ ആരംഭിച്ച കൺട്രോൾ റൂം കലക്‌ടറേറ്റിലേക്ക്‌ മാറ്റി.

14 വകുപ്പുകളാക്കി തിരിച്ച്‌ ഓരോ വകുപ്പിലും പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേകം ചുമതല നൽകി. എല്ലാ ദിവസവും യോഗം ചേർന്ന്‌ സ്ഥിതിഗതി വിലയിരുത്തി. താലൂക്ക്‌ ആശുപത്രികളിലും ഐസൊലേഷൻ വാർഡ്‌ ഒരുക്കി. വേണ്ടിവന്നാൽ ഉപയോഗിക്കാൻ സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കി.

രോഗിയിൽനിന്നും നിരീക്ഷണത്തിലുള്ളവരുടെയും സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ സജ്ജമായ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ പ്രത്യേകം കിറ്റും ഉപകരണങ്ങളും എത്തിച്ചു.

ഇവിടെ ഈ വൈറസ്‌ പരിശോധനയ്‌ക്ക്‌ കേന്ദ്ര അനുമതി വാങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരിയും മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. ആർ വി രാംലാലും കലക്‌ടർ എസ്‌ അഞ്‌ജനയും ചേർന്നായിരുന്നു ഏകോപനം.

ദേശീയ ആരോഗ്യ മിഷൻ ഡയറക്‌ടർ ഡോ. രത്തൻ ഖേൽക്കറും ക്യാമ്പ്‌ ചെയ്‌ത്‌ ഒപ്പം ചേർന്നു. ഞായറാഴ്‌ച മന്ത്രി കെ കെ ശൈലജ വീണ്ടുമെത്തി പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്‌തു.

ഒരു ഘട്ടത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ 182 പേർ വരെയായി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർ 17ൽ എത്തി.

ദിവസേന 35മുതൽ 42 വരെ സാമ്പിളുകൾ പരിശോധിച്ചതിൽ രോഗിയുടെത്‌ ഒഴികെ എല്ലാ സാമ്പിളുകളും നെഗറ്റീവ്‌ ആണെന്ന്‌ തെളിഞ്ഞപ്പോഴാണ്‌ ആലപ്പുഴയ്‌ക്ക്‌ ശ്വാസം നേരെ വീണത്‌. ഭീതിയൊഴിയാൻ പിന്നെയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു.

ആദ്യ വൈറസ്‌ ബാധ സ്ഥിരീകരിച്ച്‌ ഒമ്പതു ദിവസം പിന്നിടുമ്പോഴും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടിയില്ല. 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവരെ ഘട്ടംഘട്ടമായി വീടുകളിലേക്ക്‌ മാറ്റാനുമായി.

ദിവസവും വൈകിട്ട്‌ കൺട്രോൾ റൂം പുറത്തിറക്കുന്ന വാർത്താകുറിപ്പ്‌ ഭീതിയകറ്റാനും ജാഗ്രതയോടെ മുൻകരുതൽ സ്വീകരിക്കാനും സഹായകമായി. ജില്ലയിൽ ആയിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ നടത്തി.

വിശ്രമമില്ലാതെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌

മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ ദിവസേന നൂറിലധികം സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. ആലപ്പുഴ ജില്ലയിൽ നിന്ന്‌ മാത്രം 42 വരെ സാമ്പിളുകളെത്തി. വേഗം ഫലമറിയാൻ കൂടുതൽ സാങ്കേതിക സൗകര്യം ഏർപ്പെടുത്തി.

പരിശോധനക്ക്‌ കേന്ദ്രാനുമതിയും വാങ്ങിയെടുത്തു. ഇവിടെ പരിശോധിച്ച സാമ്പിളുകൾ സ്ഥിരീകരണത്തിനായി പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കും അയച്ചു. അഞ്ച്‌ സ്ഥിരം ശാസ്‌ത്രജ്ഞർ ഉൾപ്പെടെ 30 ജീവനക്കാരാണ്‌ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്‌.

മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ പണിപൂർത്തിയായിവരുന്ന ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂടുതൽ സൗകര്യങ്ങളോടെ ലാബ്‌ പ്രവർത്തിച്ചാൽ സംസ്ഥാനത്തിനാകെ ഇതു ഗുണകരമാകും. ഒരേസമയം കൂടുതൽ സാമ്പിളുകൾ പുതിയ ലാബിൽ പരിശോധിക്കാനാവും.

ജാഗ്രതയോടെ തുടരും, പ്രതിരോധം

വൈറസ്‌ ബാധ സ്ഥിരീകരിച്ചയാൾ വേഗത്തിൽ രോഗവിമുക്തമായത്‌ ആത്മവിശ്വാസം വർധിപ്പിച്ചതായി ഡിഎംഒ ഡോ. എൽ അനിത കുമാരി പറഞ്ഞു. ചിട്ടയായ ആരോഗ്യ പ്രവർത്തനങ്ങളുടെയും ശുചിത്വ പ്രവർത്തനങ്ങളുടെയും വിജയമാണിത്‌. ജില്ലയാകെ മുൻകരുതലും ബോധവൽക്കരണവും കർശനമായി തുടരും –-ഡിഎംഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News