സിഎജി റിപ്പോര്‍ട്ട്; കണ്ടെത്തലുകള്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; കെല്‍ട്രോണുമായി നടത്തിയ ഇടപാടുകള്‍ യുഡിഎഫ് ഭരണകാലത്ത്; ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ യുഡിഎഫ് കാലത്തെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാണ്.

കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ നടന്നത് 2015 മാര്‍ച്ച് 10 മുതല്‍. അന്ന് കേരളം ഭരിച്ചിരുന്നത് യുഡിഫ്. ആഭ്യന്തര വകുപ്പ് കൈയ്യാളിയിരുന്നത് രമേശ് ചെന്നിത്തലയും, കെല്‍ട്രോണിന്റെ ചുമതല വഹിച്ചിരുന്നത് വ്യവസായ വകുപ്പും. കെല്‍ട്രോണില്‍ നിന്ന് 55.66 ലക്ഷത്തിന്റെ 53 ടാബ്ലെറ്റുകള്‍ വാങ്ങാനാണ് അന്ന് തീരുമാനിച്ചത്.

വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍പ് തന്നെ കെല്‍ട്രോണ്‍ 2015 ഫെബ്രുവരി 28 ന് ഉപകരണം നല്‍കാനും, സജ്ജീകരിക്കാനുമുള്ള ഇ-ടെന്‍ഡര്‍ പരസ്യം നല്‍കുകയും ചെയ്തു. ബിഡ്ഡര്‍മാര്‍ക്കെല്ലാം തുല്ല്യ അവസരം നല്‍കണമെന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ പാലിക്കുകയും ചെയ്തില്ല. മെസേര്‍സ് പാനാസോണിക് ഇന്ത്യാ ലിമിറ്റഡിന് കരാര്‍ ലഭിക്കത്തക്കവണ്ണം ദര്‍ഘാസ് രൂപപ്പെടുത്തിയെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ട്.

കെല്‍ട്രോണിലെ രേഖകള്‍ പ്രകാരം പൊലീസിന്റെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ കെല്‍ട്രോണ്‍ പാനാസോണിക്കുമായി 2015 ഫെബ്രുവരിയില്‍ കത്തിടപാടുകള്‍ നടത്തിയതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാനാസോണിക് കോട്ട് ചെയ്യേണ്ട വില പോലും ,കെല്‍ട്രോണ്‍ കാണിച്ചിരുന്നു എന്നും കത്തില്‍ നിന്ന് വ്യക്തം.ഒപ്പം ലഭിക്കേണ്ട ലാഭം സംബന്ധിച്ച വിശദാംശങ്ങളും അതില്‍ വിശദീകരിക്കുന്നുണ്ട്.

ദര്‍ഘാസിന് മുന്‍പ്, അതായത് 2015 ഫെബ്രുവരി 13 ന് കെല്‍ട്രോണ്‍ പാനാസോണിക്കിന് അയച്ച ഇ -മെയിലില്‍ പുതിയ ടാബ്ലറ്റിന്റെ പരിശോധന പുരോഗമിക്കുകയാണെന്നും,വില ഒരു ലക്ഷത്തില്‍ താഴെയായിരിക്കണമെന്ന് ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചുവെന്നും അല്ലെങ്കില്‍ അദ്ദേഹം അത് വാങ്ങില്ല എന്നും ചൂണ്ടിക്കാട്ടിയട്ടുണ്ട്.

അന്ന് പൊലീസ് മോഡേണൈസേഷന്റെ ചുമതല ഉണ്ടായിരുന്ന എഡിജിപി ആയിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു തെളിവും സിഎജി ചൂണ്ടിക്കാട്ടിയിട്ടുമില്ല.എന്തുകൊണ്ട് അതിനുള്ള തെളിവ് സിഎജി ശേഖരിച്ചില്ല എന്നത് ചോദ്യചിഹ്നമാണ്.

പാനാസോണിക്കും, കെല്‍ട്രോണും തമ്മില്‍ ഉള്ള കത്തിടപാടില്‍ ഉള്ള കാര്യം റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയാണ് ചെയ്തിരിക്കുന്നത്. ടാബ്ലെറ്റ് ഇടപാട് നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നിരിക്കെ, എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവക്കാനുള്ള ശ്രമമാണ് സി എ ജി റിപ്പോര്‍ട്ടിലൂടെ തന്നെ വെളിപ്പെട്ടിരിക്കുന്നത്.

മാത്രമല്ല ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാരിനും, അന്ന് ആഭ്യന്തര വകുപ്പ് കൈയ്യാളിയിരുന്ന രമേശ് ചെന്നിത്തലക്കും, വ്യവസായ വകുപ്പ് കൈയ്യാളിയിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കുമാണെന്ന വസ്തുതയും മറച്ചുവക്കപ്പെടുകയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News