പിഴത്തുക അടച്ചില്ല; ടെലിക്കോം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ദില്ലി: സ്പ്രെക്ടം ലൈസന്‍സ് ഫീസില്‍ സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ വോഡാഫോണ്‍- ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.എല്ലാത്തരം അഴിമതികളും അവസാനിപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വാദത്തിനിടെ വാക്കാല്‍ പരാമര്‍ശം നടത്തി

അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. കൂടാതെ, പിഴത്തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചു.ടെലികോം കമ്പനികള്‍ കുടിശ്ശിക അടുത്ത മാസം 17ന് മുമ്പ് അടച്ച് തീര്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്ന് നല്‍കിയത്.

പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.ഇത് പണാധിപത്യം അല്ലാതെ എന്താണ്. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.

വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെ കൂടാതെ അനില്‍ അംബാനിയുെട റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവയും പിഴത്തുകക്ക് ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബി.എസ്.എന്‍.എല്‍ 2,098.72 കോടിയും എം.ടി.എന്‍.എല്‍ 2,537.48 കോടിയും പിഴയായി നല്‍കാനുള്ളത്.

പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പിഴ ഒടുക്കാന്‍ കോടതി നിര്‍ദേശിച്ച തീയതി ജനുവരി 23 ആയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here