ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം: ജപ്പാന്‍ ഷിമാനെ യൂണിവേഴ്സിറ്റി സംഘം മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം ഉറപ്പാക്കാന്‍ ജപ്പാന്‍ ഷിമാനെ യൂണിവേഴ്സിറ്റി സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തുമാണ് സഹകരിക്കാനായി ചര്‍ച്ചകള്‍ നടത്തിയത്.

യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദ ചെയര്‍ രൂപീകരുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളായാണ് സംഘം കേരളത്തിലെത്തിയത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ ആയുര്‍വേദത്തെ അടുത്തറിയാന്‍ കൂടിയാണ് സംഘത്തിന്റെ ഈ സന്ദര്‍ശനം. കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിന് യൂണിവേഴ്‌സിറ്റി താത്പര്യം പ്രകടിപ്പിച്ചു. കേരളത്തിന്റേയും ജപ്പാന്റേയും കാലവസ്ഥകള്‍ തമ്മില്‍ സാമ്യമുളളതിനാല്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സാരീതി പലതും ജപ്പാനിലും പ്രായോഗികമാണ്.

കേരളം വിജയകരമായി നടപ്പിലാക്കിയ ആയുര്‍വേദത്തിലൂന്നിയ വാര്‍ധക്യകാല ആരോഗ്യ പരിചരണത്തെ കുറിച്ചും പ്രസവ ചികിത്സകളെപ്പറ്റിയും കൂടുതല്‍ അറിയാനും ന്യൂട്രാസ്യൂട്ടിക്കല്‍സ് ഫങ്ഷണല്‍ ഫുഡ്, ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്നതിനും പ്രതിനിധികള്‍ താത്പര്യം പ്രകടിപ്പിച്ചു.

ഷിമാനെ യൂണിവേഴ്സിറ്റിയില്‍ ആയുര്‍വേദ ചെയര്‍ സ്ഥാപിക്കുന്നതിന് എല്ലാ സഹകരണവും മന്ത്രി ഉറപ്പ് നല്‍കി. അറിവുകള്‍ കൈമാറുന്നതിലൂടെ കേരളത്തിന്റെ ആയുര്‍വേദത്തിന്റെ വികാസത്തിന് ഏറെ സഹായിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ. നവജ്യോത് ഘോസ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജോളിക്കുട്ടി ഈപ്പന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News