വിലക്ക് ലംഘിച്ച് കന്യകമര പൂജയുമായി എബിവിപി; സ്ത്രീവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ദില്ലി: വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ വിലക്കുകള്‍ ലംഘിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കന്യക മര പൂജ നടത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സ്ത്രീവിരുദ്ധമായ പൂജ ഇത്തവണ നടത്തില്ലെന്ന ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് എബിവിപി വെല്ലുവിളിയുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

വിദ്യാര്‍ഥികളും അധികൃതരും സംയുക്തമായി എടുത്ത തീരുമാനം അട്ടിമറിച്ചവരെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ക്യാമ്പസിലെ മരത്തില്‍ സ്ത്രീകളുടെ അശ്ലീല ചിത്രമടക്കംവെച്ച് അലങ്കരിക്കുകയും ഇതിനുചുറ്റും ആണ്‍കുട്ടികള്‍മാത്രം പ്രദക്ഷിണം ചെയ്ത് പൂജനടത്തുന്നതുമാണ് ചടങ്ങ്. ഈ ചടങ്ങ് നടത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലൈംഗിക ബന്ധത്തിന് അവസരം ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം.

സ്ത്രീവിരുദ്ധമായ ചടങ്ങ് നടത്താന്‍ അനുവാദം നല്‍കില്ലെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അധികൃതരും ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റല്‍ ഭാരവാഹികളും, വിമണ്‍ ഡവലപ്‌മെന്റ് സെല്ലും സംയുക്തമായാണ് തീരുമാനമെടുത്തത്. നിരന്തരം ഉന്നയിച്ച ആവശ്യം അംഗീകരിച്ചതായി എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു.

ഇത്തവണ എല്ലാ വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ മാന്യമായ പരിപാടിമാത്രമെ അനുവദിക്കുകയുള്ളെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പു ലംഘിച്ചാണ് എബിവിപിക്കാരുടെ നേതൃത്വത്തില്‍ പൂജ നടന്നത്. എബിവിപി പ്രവര്‍ത്തകനടക്കമുള്ളവര്‍ മരത്തിനു മുകളില്‍ കയറി. പെണ്‍കുട്ടികള്‍ക്കുനേരെ വെള്ളമൊഴിക്കുകയും അധിക്ഷേപിക്കുകയും ചെയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എബിവിപി പ്രവര്‍ത്തകരും ബോയ്‌സ് ഹോസ്റ്റലിലെ ഒരു വിഭാഗവുമാണ് ഈ പൂജ നടത്തിയത്. ഇതിനെതിരെ ക്യാമ്പസിലെ പെണ്‍കുട്ടികള്‍ ശക്തമായി രംഗത്തുവന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഇതോടെ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ എബിവിപിക്കാര്‍ ഹിന്ദു കോളേജിലടക്കം ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel