
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കരുതെന്ന ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അപ്പീൽ നൽകും.
വ്യാഴാഴ്‌ച സ്‌റ്റാൻഡിങ് കോൺസലുമായും നിയമവിദഗ്‌ധരുമായും വിശദമായ ചർച്ച നടത്തി. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി ഫയൽചെയ്യും.
അടിയന്തരപ്രാധാന്യമുള്ള വിഷയമായതിനാൽ അപ്പീൽ ഉടൻ പരിഗണിക്കും. സ്‌റ്റേ ലഭിച്ചാൽ പുതുക്കൽ നടപടികൾ പുനരാരംഭിച്ച് അന്തിമപട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പുതുക്കൽ അന്തിമഘട്ടത്തിൽ എത്തിയിരിക്കെ ഹൈക്കോടതിവിധി സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കമീഷൻ ചൂണ്ടിക്കാട്ടും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പട്ടികയിലുള്ള പ്രശ്‌നങ്ങളും ഹർജിയിൽ ഉൾപ്പെടുത്തും.
2015ലെ പട്ടിക അടിസ്ഥാനമാക്കി ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 15.5 ലക്ഷത്തോളം പേർ പേരുചേർക്കാൻ അപേക്ഷ നൽകിയിരുന്നു.
ഇതിൽ പരിശോധന പൂർത്തിയാക്കി 28ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനിരിക്കേയാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതിവിധി വന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനായി 2014ലെ കേന്ദ്ര വോട്ടർപട്ടിക വാർഡ് അടിസ്ഥാനത്തിലാക്കാൻ പത്ത് കോടിയോളം രൂപ ചെലവായിരുന്നു. 25000 വോട്ടർ ഓഫീസർമാർ ഭവനസന്ദർശനം നടത്തി അഞ്ചുമാസംകൊണ്ടാണ് പ്രക്രിയ പൂർത്തീകരിച്ചത്.
2019ലെ പട്ടിക അടിസ്ഥാനമാക്കുകയാണെങ്കിൽ ഈ ജോലി ആവർത്തിക്കേണ്ടിവരും. ഇത് ഒക്‌ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തടസ്സമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here