പാലാരിവട്ടം പാലം അ‍ഴിമതി; നിർമാണകമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടിരൂപ വായ്‌പ നൽകിയത്‌ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന്‌ ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ

പാലാരിവട്ടം മേൽപ്പാലം നിർമാണകമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടിരൂപ വായ്‌പ നൽകിയത്‌ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന്‌ ഹൈക്കോടതിയിൽ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ.

 

പണം അനുവദിച്ചുള്ള ഉത്തരവിനിടയാക്കിയ മന്ത്രിയുടെ ഫയൽകുറിപ്പും അദ്ദേഹം ഒപ്പിട്ട റോഡ്‌ ഫണ്ട്‌ യോഗ മിനിട്‌സും കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ വിജിലൻസിനും സൂരജ്‌ സമാനമൊഴി നൽകിയിരുന്നു.

പാലാരിവട്ടം കേസിൽ റിമാൻഡിലായിരുന്ന സൂരജ്‌ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ്‌ ഇബ്രാഹിംകുഞ്ഞിനെതിരെ എല്ലാം തുറന്നുപറഞ്ഞത്‌.

എല്ലാ ചട്ടവും കരാറും ലംഘിച്ചാണ്‌ ആർഡിഎസ്‌ പ്രോജക്‌ടിന്‌ 8.25 കോടിരൂപ വായ്‌പ നൽകിയത്‌.

ഇതിന്‌ വൻ പലിശയിളവും നൽകി. 11.50 മുതൽ 13.50 ശതമാനംവരെ പലിശനിരക്കുണ്ടായിരുന്നപ്പോൾ ആർഡിഎസിൽനിന്ന്‌ ഈടാക്കിയത്‌ ഏഴ്‌ ശതമാനംമാത്രം.

ബില്ലിന്റെ പണം നൽകുമ്പോൾ 30 ശതമാനം തുക വായ്‌പാതിരിച്ചടവായി കുറവുവരുത്തണമെന്നതും ലംഘിച്ചു. പത്തുശതമാനം മാത്രമായിരുന്നു കുറവുവരുത്തിയത്‌.

പറഞ്ഞത്‌ വിഴുങ്ങി

ടെൻഡർ നടപടി പൂർത്തിയാക്കുംമുമ്പ്‌ ക്വട്ടേഷൻ നൽകിയ കരാറുകാരുടെ പ്രീബിഡ്‌ യോഗം 2013 ഡിസംബർ 31ന്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരള (ആർബിഡിസികെ) വിളിച്ചുചേർത്തിരുന്നു.

മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിക്കില്ലെന്നായിരുന്നു യോഗത്തിൽ അറിയിച്ചത്‌. 2014 മാർച്ച്‌ നാലിന്‌ ആർഡിഎസും പ്രോജക്ടുമായി ആർബിഡിസികെ ഒപ്പിട്ട കരാറിലും മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇതെല്ലാം മറികടന്നാണ്‌ ഒരു അപേക്ഷയുടെ മറവിൽ പലിശയിൽ കോടികളുടെ കുറവുവരുത്തി വായ്‌പ അനുവദിച്ചത്‌.

140 രേഖ

പൊതുമരാമത്ത്‌ വകുപ്പ്‌ ആസ്ഥാനത്തുനിന്നും ആർബിഡിസികെ, റോഡ്‌ ഫണ്ട്‌ ബോർഡ്‌ എന്നിവയുടെ ഓഫീസിൽനിന്നും പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട 140 രേഖ വിജിലൻസ്‌ പിടിച്ചെടുത്തിരുന്നു.

ഇതിൽ മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകുന്നതിന്‌ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ്‌ ഒപ്പിട്ട രേഖയുമുണ്ട്‌. ഇതെല്ലാം നേരത്തെ വിജിലൻസ്‌ ഹൈക്കോടതിക്ക്‌ നൽകിയിരുന്നു.

സൂരജ്‌ ഹൈക്കോടതിയിൽ നടത്തിയ വെളിപ്പെടുത്തൽകൂടി പുറത്തുവന്നതോടെ കേസിൽനിന്ന്‌ ഇബ്രാഹിംകുഞ്ഞിന്‌ രക്ഷപ്പെടാനാകില്ല.

ക്രമക്കേട്‌ സിഎജിയും കണ്ടെത്തി

പാലാരിവട്ടം പാലം നിർമാണത്തിൽ വൻ സാമ്പത്തിക തിരിമറി നടന്നതായി സിഎജിയും കണ്ടെത്തി. കരാറുകാരന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകിയത്‌ വഴിവിട്ടാണെന്നും പലിശ ഇളവിലൂടെ സർക്കാരിന്‌ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായും സിഎജി കണ്ടെത്തി.

ഇതുസംബന്ധിച്ച്‌ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ എംഡിയായിരുന്ന ടി ഒ സൂരജിന്‌ നൽകിയ കത്ത്‌ വിജിലൻസ്‌ പിടിച്ചെടുത്തിരുന്നു.

പ്രധാന കണ്ടെത്തൽ

●മൊബിലൈസേഷൻ ഫണ്ട്‌ നൽകിയത്‌ ടെൻഡർ വ്യവസ്ഥ ലംഘിച്ച്‌
●ഇതേക്കുറിച്ച്‌ മറ്റ്‌ കരാറുകാർക്ക്‌ അറിവുണ്ടായിരുന്നില്ല. അതിനാൽ പലർക്കും കുറഞ്ഞ നിരക്ക്‌ രേഖപ്പെടുത്താനുള്ള അവസരം നഷ്‌ടമായി
● മൊബിലൈസേഷൻ അഡ്വാൻസിന്‌ ഈടാക്കിയത്‌ കുറഞ്ഞ പലിശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News