വ്യവസായ മന്ത്രി ഇ പി ജയരാജൻ മുംബൈയിൽ; നിക്ഷേപ സംഗമം ഇന്ന്

വ്യവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്നും മുംബൈയിലെ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ റമദായിൽ വച്ച് നടക്കാനിരിക്കുന്ന ബിസിനസ് മീറ്റിലേക്ക് ഇതിനകം ഇരുനൂറോളം പേരാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവനോടൊപ്പം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മന്ത്രിയെ വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ പ്രസിഡന്റ് കെ കെ നമ്പ്യാർ, ജനറൽ സെക്രട്ടറി എം കെ നവാസ്, ഗിരീഷ്‌കുമാർ കൂടാതെ പ്രിയ വർഗ്ഗീസ് , മുംബൈ കേരള ഹൌസ് മാനേജർ രാജീവ് ഗോപിനാഥ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

കേരളം മുന്നോട്ടു വച്ചിട്ടുള്ള വ്യവസായ വികസനത്തിനായി മുംബൈയിലുള്ള നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും സാധ്യതകളുമാണ് ഇന്ന് വൈകീട്ട് നടക്കുന്ന ബിസിനസ് മീറ്റ് പ്രധാനമായും ചർച്ച ചെയ്യുകയെന്നു മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

മുംബൈ മലയാളികൾക്ക് കേരളത്തിൽ നിക്ഷേപിക്കുവാനുള്ള അവസരങ്ങളെ പരിചയപ്പെടുത്താനും കൂടി സമ്മേളനം വേദിയാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ പറഞ്ഞു. ഇതിനായി സർക്കാരിൽ നിന്നും ലഭിക്കാവുന്ന പരിഗണനകളും നിക്ഷേപകർക്കുള്ള നേട്ടങ്ങളും വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പുതിയ നയങ്ങളും നടപടി ക്രമങ്ങളും ആശയ വിനിമയത്തിനുള്ള പ്ലാറ്റുഫോമുകളും കൈക്കൊണ്ടു കേരളം വികസനത്തിന്റെ പാതയിലാണ്.

മുംബൈ നഗരത്തിലെ മലയാളി വ്യവസായികളും സംരംഭകരും ഈ പ്രദേശത്തിന്റെയും കേരളത്തിന്റെയും രാജ്യത്തിന്റെയും പുരോഗമനത്തിൽ ഗണ്യമായ പങ്കു വഹിച്ചു പോരുന്നു.

വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിന്റെ നിക്ഷേപ സാധ്യതകളും സംരംഭകർക്ക് ലഭിക്കാവുന്ന നേട്ടങ്ങളും അറിയുവാനായി മുംബൈയിലെ വ്യവസായികൾക്കും അവസരമൊരുക്കുകയാണ് ഇത്തരമൊരു ബിസിനസ്സ് മീറ്റ് ലക്‌ഷ്യം വയ്ക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News