കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചു; അന്തിമകുറ്റപത്രം സമര്‍പ്പിച്ചു

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന്‌ അന്തിമ കുറ്റപത്രം.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്‌.

50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു. തുടർന്ന് ബൈക്കിൽ യാത്ര ചെയ്ത കെ എം ബഷിറിനെ ഇടിച്ചിട്ടു.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് പറഞ്ഞതായും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

കാര്യമായ പരിക്കില്ലാതിരിന്നിട്ടും തുടർചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടു.

എന്നാൽ, മെഡിക്കൽ കോളജിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയി. കിംസ് ആശുപത്രിയിൽവെച്ച് മദ്യത്തിന്‍റെ അംശം കുറയുന്നത് വരെ രക്തം എടുക്കാൻ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത്​ വഫ ഫിറോസ് എന്നിവരോട്​ ഈമാസം 24ന് നേരിട്ട്​ ഹാജരാകാൻ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വെങ്കിട്ടരാമനെതിരെ കുറ്റകരമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും വഫയ്ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഗസ്​റ്റ്​ മൂന്നിന്​ പുലർച്ചെ മ്യൂസിയത്തിന്​ സമീപം പബ്ലിക് ഓഫിസിന്​ മുന്നിൽ വെച്ചാണ്​ കാറിടിച്ച്​ ബഷീർ കൊല്ലപ്പെട്ടത്.

തുടർന്ന്​ അറസ്​റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. സസ്‌പെൻഷൻ പിന്നീട്​ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News