സര്‍ക്കാരിന്റെ ലക്ഷ്യം സര്‍വ്വ സ്പര്‍ശിയായ വികസനം; അതിന് പ്രൊഫഷണലുകളുടെ സഹകരണവും വേണം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഒരു മേഖലയിലെ മാത്രമല്ല സര്‍വ്വ സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് ഒരു നവകേരളം സൃഷ്ടിക്കേണ്ടതുണ്ട്. അതിന് പ്രൊഫഷണലുകളുടെ സഹകരണം ആവശ്യമാണെന്നു
കുസാറ്റില്‍ നടന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പഠിച്ചിറങ്ങുന്നവര്‍ക്ക് വരും കാലത്ത് ജോലിതേടി പുറത്തു പോകേണ്ടി വരില്ല. നാട്ടില്‍ തന്നെ ജോലി ചെയ്യുന്നതിനുള്ള അവസ്ഥ ഉണ്ടാകും .അതിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരാന്‍ പോകുന്നത്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമാണ് കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്.

നിക്ഷേപം സ്വീകരിക്കാന്‍ ആവശ്യമായ ഒട്ടേറെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ അതിനുമുമ്പുതന്നെ ഒരുക്കിയിരുന്നു. സംഘര്‍ഷങ്ങളില്ലാത്ത സമാധാനവും സന്തോഷവും ഉള്ള സംസ്ഥാനമാണ് കേരളം . സാക്ഷരതയില്‍ മാത്രമല്ല നമ്മള്‍ ഉന്നതവിദ്യാഭ്യാസമേഖലയിലും മുന്‍പന്തിയിലാണ്. ഈ അനുകൂല സാഹചര്യങ്ങളാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗോള കമ്പനികളെ പ്രേരിപ്പിക്കുന്നതൈന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളപ്പൊക്കം, നിപ്പാ, കൊറോണ തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നമ്മുടേതായ രീതിയില്‍ നേരിടാനും അതിനെ അതിജീവിക്കാനും നമുക്ക് കഴിഞ്ഞു.പ്രകൃതി ദുരന്തങ്ങള്‍ അടക്കം ഏത് ദുരന്തങ്ങളെ നേരിടുന്നതിന് സന്നദ്ധരായവരുടെ ഒരു നിര ആ വശ്യമാണ് അതിന്റെ ഭാഗമായി കേരളത്തില്‍ മൂന്നു ലക്ഷത്തിലധികം വോളണ്ടിയര്‍മാര്‍ ഉള്ള ഒരു സന്നദ്ധ സംഘത്തിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ അടുത്തകാലത്തായി വലിയ കുതിച്ചു ചാട്ടമാണ് കേരളം നടത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുകയും ഇവിടെ പൂര്‍ണസമയ പരിശോധന സംവിധാനം ഒരുക്കുകയും ചെയ്തു. വിവിധ പരിശോധനകള്‍ക്കായി ലാബ് സൗകര്യവും ഇവിടെ ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മുകളിലേക്കുള്ള ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ നടപടി ഉണ്ടായി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ആയി ഉയര്‍ന്നു.

ലൈഫ് മിഷനിലൂടെ കേരളത്തിലെ ഭവനരഹിതരായ ലക്ഷം കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞത്. ഈ പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ എന്‍ജിനീയറിങ് കോളേജുകളുമായി സഹകരിച്ചിരുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വഴിയും അല്ലാതെയും പ്രൊഫഷണലുകള്‍ക്ക് സര്‍ക്കാരുമായി സഹകരിക്കാനും നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കാനും കഴിയും. ജലാശയങ്ങള്‍ വൃത്തിയാക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും.

ഫിഷറീസ് മേഖലയില്‍ പണ്ട് ഒന്നാം സ്ഥാനമായിരുന്നു കേരളത്തിന്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനം മറ്റ് സംസ്ഥാനങ്ങള്‍ കൈയ്യടക്കി. ഗ്രാമപ്രദേശങ്ങളില്‍ അടക്കമുള്ള ജലസംഭരണികള്‍ മത്സ്യം വളര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രൊഫഷണലുകള്‍ ആര്‍ജ്ജിച്ച വൈദഗ്ദ്ധ്യം ഇവിടെ ഉപയോഗിക്കാന്‍ കഴിയും. പാലുല്പാദനത്തില്‍ കേരളത്തിലെ സ്വയം പര്യാപ്തതയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും പ്രൊഫഷണലുകള്‍ ശ്രമിക്കണം. ഒരു കോടി വൃക്ഷത്തൈകള്‍ ആണ് സംസ്ഥാനത്ത് ഈ വര്‍ഷം വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. കേരളം പൂര്‍ണമായി ഡിജിറ്റല്‍ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ സൗകര്യം എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീല്‍ അധ്യക്ഷനായിരുന്നു. റ്റി എച്ച് എസ് റ്റി ഐ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രൊഫ. ഗഗന്‍ദീപ് കാംഗ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ കീഴില്‍ പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന 2000 ഓളം വിദ്യാര്‍ത്ഥികളാണ് രണ്ടാമത്  പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഉഷ ടൈറ്റസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ കെ എന്‍ മധുസൂദനന്‍, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്റ്റര്‍ ഡോ. അരുണ്‍ കുമാര്‍ വിവിധ പ്രൊഫഷണല്‍ കോളേജുകളുടെ സാരഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News