‘എന്നോടൊപ്പം യാത്രചെയ്ത എല്ലാവരേയും ആരോഗ്യവകുപ്പ് ട്രേസ് ചെയ്തു, സര്‍ക്കാരിനെ ഓര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് കണ്ണ് നിറയും’; ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി

ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും നന്ദി പറഞ്ഞ് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ത്തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്ന വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. തന്റെ ആരോഗ്യ കാര്യത്തില്‍ തന്നെക്കാള്‍ ശ്രദ്ധ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും ആയിരുന്നുവെന്നും പേര് വെളിപ്പെടുത്താല്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രൈവറ്റ് കമ്പനികളുടെ കോളുകളില്‍ മാത്രമേ അത്തരം വാക്കുകള്‍ ഞാന്‍ കേട്ടിട്ടുള്ളു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിളിച്ചിട്ട് ‘ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി’- എന്ന് പറയുന്നത്. ഇത്തരം ഒരു വാചകം ഏതേലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും നിങ്ങള്‍ കേട്ടിട്ടുണ്ടോ?

കഴിഞ്ഞ ജനുവരി 15 നാണ് ചൈനയില്‍ നിന്നും ഞാന്‍ കേരളത്തില്‍ എത്തുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു ചൈനയില്‍ നിന്നും വന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും home ക്വാറന്റൈനില്‍ ഇരിക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. 28 ദിവസമാണ് വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടിയത്. എന്നെ അത്ഭുതപെടുത്തിയത് മറ്റൊരു കാര്യമാണ്. കൊച്ചിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഞാന്‍ കോഴിക്കോട് എത്തിയത്.

എന്നോടൊപ്പം യാത്ര ചെയ്ത മുഴുവന്‍ ആളുകളെയും അവര്‍ trace ചെയ്തു , ഞാന്‍ ഇറങ്ങി കഴിഞ്ഞ് അതേ സീറ്റില്‍ വന്നിരുന്നവരെയും അവര്‍ trace ചെയ്തു. ടിക്കറ്റ് എടുക്കാത്തവര്‍ മിസ്സായി കാണും. അത് കൂടാതെ ഞാന്‍ സഞ്ചരിച്ച ഓട്ടോ, താമസിച്ച ഹോട്ടലിന്റെ cctv യില്‍ നിന്നും അവര്‍ trace out ചെയ്തു. ആരോഗ്യവകുപ്പിലും CID പണി അറിയാവുന്നവര്‍ ധാരാളം ഉണ്ടെന്നു മനസ്സിലായി.

കഴിഞ്ഞ ഫെബ്രുവരി 12-ന് എന്റെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യപരമായ ഒരു ബുദ്ധിമുട്ടും ഈ കാലയളവില്‍ എനിക്കുണ്ടായില്ല. മുറിയില്‍ തന്നെ അടച്ചിരിക്കുന്നതിലുള്ള മാനസിക ബുദ്ധിമുട്ട് നന്നായി ഉണ്ടായിരുന്നു. എങ്കിലും എല്ലാം ശുഭമായി കലാശിച്ചു.

ക്വാറന്റൈന്‍ കാലയളവില്‍ വീടിനടുത്തുള്ള PHC യിലെ ഡോക്ടറും health ഇന്‍സ്‌പെക്ടറും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇടക്കിടക്ക് ആരോഗ്യവിവരം അന്വേഷിക്കാന്‍ health ഇന്‍സ്പെക്ടര്‍ വിളിക്കുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഇടക്ക് വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു.ക്വാറന്റൈന്‍ കഴിഞ്ഞ കാര്യം health ഇന്‍സ്‌പെക്ടറാണ് ആദ്യം വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് വൈകിട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടറും വിളിച്ചിരുന്നു.

അവരാണ് പറഞ്ഞത് ‘ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി’-യെന്ന്. സാധാരണ പ്രൈവറ്റ് ബാങ്കുകളില്‍ നിന്ന് വിളിക്കുമ്പോഴോ car ഷോറൂമില്‍ നിന്ന് വിളിക്കുമ്പോഴൊക്കെയേ ഇങ്ങനത്തെ വാക്കുകള്‍ ഞാന്‍ കേട്ടിട്ടുള്ളു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ആദ്യമായാണ് ഇത്തരം ഒരനുഭവം.

ശരിക്കും ഞാന്‍ അവരോടല്ലേ നന്ദി പറയേണ്ടത് , എന്റെ ആരോഗ്യകാര്യത്തില്‍ എന്നെക്കാളേറെ ശ്രദ്ധയും കരുതലും അവര്‍ക്കായിരുന്നു. ചിലപ്പോഴൊക്കെ അഭിമാനം കൊണ്ട് കണ്ണ് നിറയും, കാരണം ഇത്രത്തോളം നമ്മുടെ കാര്യങ്ങള്‍ അന്വേഷിക്കുന്ന ഒരു സര്‍ക്കാരും ആരോഗ്യവകുപ്പും ജീവനക്കാരും മറ്റൊരു സംസ്ഥാനത്ത് ഉണ്ടെന്നു തോന്നുന്നില്ല. ഒരുപാട് നന്ദിയുണ്ട് ടീച്ചറോടും ടീച്ചറിന്റെ ടീമിനോടും.

എന്റെ പേര് വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട് പക്ഷേ പേടിയാണ്, കാരണം ആരോഗ്യവകുപ്പ് എനിക്ക് നല്‍കിയ പ്രൈവസി ഫേസ്ബുക് തരില്ലലോ. അത്രയ്ക്കുണ്ടേ സമൂഹത്തിലെ stigma.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News