എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ 4.9 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനാണ് ഭരണാനുമതി നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 14ന് നടക്കുന്നതാണ്. എത്രയും വേഗം നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച 4 സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന്‍ ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെ നിയമനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കി വരികയും ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെന്‍ഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളര്‍ഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉള്‍പ്പെടെ 221 കോടി രൂപയോളമാണ് ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയത്.

പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമിതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നുണ്ട്.

മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടേയും കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും വൈദ്യുത ബില്ലില്‍ 50% ഇളവും നല്‍കി വരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കേരളത്തിലേയും കര്‍ണാടകത്തിലേയും സ്‌പെഷ്യലൈസ് ചെയ്ത 17 ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കി വരുന്നു. വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് 511 കുട്ടകളുള്‍പ്പെടെ 516 പേരെക്കൂടി ഉള്‍പ്പെടുത്തി തുടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്ത് പോയി താമസിപ്പിച്ചവരേയും കൂടി സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയിലൂടെ രോഗം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് കണ്ടെത്തിയവരേയും ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here