കര്‍ണാടകയിലെ ‘ഉസൈന്‍ ബോള്‍ട്ടി’ന്റെ വേഗം അളക്കാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ

ദില്ലി: ഇന്ത്യന്‍ ബോള്‍ട്ടിന്റെ വേഗമളക്കാന്‍ തിയതി കുറിച്ച് സായി. മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച സായ് ട്രയല്‍സ് നടത്തും. ബംഗളൂരുവില്‍ വച്ച് തിങ്കളാഴ്ചയാണ് ശ്രീനിവാസിന് ട്രയല്‍സ് നടക്കുക.

ഇതിന് പങ്കെടുക്കാന്‍ ശ്രീനിവാസിനോട് ആവശ്യപ്പെട്ടതായും ട്രെയിന്‍ ടിക്കറ്റ് നല്‍കിയതായും സായി വിശദമാക്കി. ഇന്ത്യന്‍ ‘ബോള്‍ട്ടി’നെ സായ് തെരഞ്ഞെടുപ്പിന് ക്ഷണിക്കുമെന്ന് നേരത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു വിശദമാക്കിയിരുന്നു.

റെക്കോര്‍ഡ് വേഗത്തില്‍ കമ്പള ഓട്ടമല്‍സരം പൂര്‍ത്തിയാക്കിയ കര്‍ണാടക സ്വദേശി ശ്രീനിവാസ് ഗൗഡയ്ക്ക് സായി സെലക്ഷനുള്ള അവസരമൊരുങ്ങുന്നത്. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്.

28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്റുകള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. കര്‍ണാടകയുടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള മല്‍സരമാണ് കമ്പള. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പമാണ് മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം.

നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ കണക്ക. ഇത് ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡിനേക്കാള്‍ 0.03 സെക്കന്റ് മുന്നിലാണ്.

തെക്കന്‍ കര്‍ണാടകയിലെ മൂഡബിദ്രി സ്വദേശിയാണ് ശ്രീനിവാസ്. ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ കായിക മന്ത്രാലയം ശ്രദ്ധിക്കുമോയെന്നും നിരവധിപ്പേര്‍ പ്രതികരിച്ചിരുന്നു. ഇത്തം പ്രതികരണങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രിയുടെ മറുപടി. ശ്രീനിവാസ് ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here