
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിക്കുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം വിജയവും മൂന്നാം ഹോം ഗ്രൗണ്ട് വിജയവുമാണിത്.
16-ാം മിനിറ്റില്‍ ദേഷോണ്‍ ബ്രൗണിലൂടെ ബെംഗളൂരു എഫ്.സി ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ബര്‍തലേമു ഒഗ്‌ബെച്ചയാണ് ഗോള്‍സ്‌കോറര്‍.
പിന്നീട് 72-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോളെത്തി. ബോക്സിനുള്ളില്‍ മെസ്സി ബൗളിയെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഒഗ്ബെച്ചയ്ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സിന് ആശ്വാസ വിജയം.
നേരത്തെ പ്ലേ ഓഫിലെത്തിയ ബെംഗളൂരു എഫ്.സിക്ക് 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണുള്ളത്. 17 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് നേരത്തെതന്നെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here