കേരളം തുറന്നിടുന്നത് വ്യവസായ വികസനത്തിന്റെ ജാലകങ്ങളെന്ന് മന്ത്രി ഇ പി ജയരാജന്‍

മുംബൈ: കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി തീര്‍ക്കലാണ് ദൗത്യമെന്നും കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

മുംബൈയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി ഇ പി ജയരാജന്‍.

കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ഇതിനായി നൂലാമാലകള്‍ നിറഞ്ഞ പല നിയമങ്ങളും ഭേദഗതി ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. ചെറു സംരഭങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തനം തുടങ്ങാവുന്ന വിധമാണ് നിയമ പരിഷ്‌കാരം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു മേഖലയോടൊപ്പം സ്വകാര്യ മേഖലയേയും പരിപോഷിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.

കേരളം വളരുകയാണെന്നും ഇതിന് തടസ്സമായ കാര്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ വളര്‍ച്ചക്കായി നടപ്പാക്കിയ ഏക ജാലക സംവിധാനത്തെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

കാര്‍ഷിക വ്യാവസായിക രംഗത്തു വളര്‍ച്ച ഉണ്ടായാല്‍ മാത്രമാണ് തൊഴിലില്ലായ്മക്ക് പരിഹാരം കാണുവാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജീവിത ശൈലി രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനായി വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുവാനും കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് കേരളത്തില്‍ റൈസ് പാര്‍ക്ക് ആരംഭിക്കുവാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക മേഖലയിലെ വളര്‍ച്ച സാമ്പത്തിക മേഖലയില്‍ കൂടി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ വികസന പദ്ധതികള്‍ക്ക് രൂപരേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് കേരളത്തിലെ നിക്ഷേപ അനുകൂല സാദ്ധ്യതകള്‍ അവതരിപ്പിച്ചു കൊണ്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ പറഞ്ഞു..

കേരളത്തിലെ വ്യവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കര്‍മ്മപദ്ധതികളുടെ ഭാഗമായി മുംബൈയില്‍ സംഘടിപിച്ച ബിസിനസ് മീറ്റ് വ്യത്യസ്ത മേഖലകളില്‍ വിജയം കൈവരിച്ച നിരവധി വ്യവസായികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു.

നവി മുംബൈ റമദാ ഹോട്ടലില്‍ നടന്ന ബിസിനസ് മീറ്റില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഗോകുല്‍ദാസ് മാധവന്‍, പ്രസിഡന്റ് കെ കെ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി എം കെ നവാസ് തുടങ്ങിയവരും വേദി പങ്കിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News